ഭുവനേശ്വര്‍: സംസ്ഥാനത്തൊട്ടാകെയുള്ള കടുവകളുടെ എണ്ണം ആദ്യമായി തിട്ടപ്പെടുത്തി ഒഡിഷ. ഒഡിഷ വനംവകുപ്പാണ് ഓള്‍ ഒഡിഷ ടൈഗര്‍ എസ്റ്റിമേഷന് (AOTE) നേതൃത്വം നല്‍കിയത്. രാജ്യത്താകെ നടത്താറുളള ടൈഗര്‍ സെന്‍സസായിരുന്നു ഇതുവരെ ഒഡിഷയിലെ കടുവകളുടെ എണ്ണത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നത്. 2022-ല്‍ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ രാജ്യത്തെ കടുവകളുടെ കണക്കെടുപ്പിൽ 20 കടുവകളെയാണ് ഒഡിഷയുടെ വനപ്രദേശത്ത് രേഖപ്പെടുത്തിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഒഡിഷയില്‍ കടുവകളുടെ എണ്ണം കൂടി. 30 കടുവകളെയാണ് പുതിയ സര്‍വേയ്ക്കിടെ ഒഡിഷയില്‍ മാത്രമായി കണ്ടെത്തിയത്.
ക്യാമറ ട്രാപ്പ് ഉപയോഗിച്ചാണ് 27 പ്രായപൂര്‍ത്തിയായ കടുവകളെ തിരിച്ചറിഞ്ഞത്. ഇതില്‍ 14 ആണ്‍കടുവകളും 13 പെണ്‍കടുവകളും ഉള്‍പ്പെടുന്നു. അതേസമയം സാന്നിധ്യമുള്ളതിന് തെളിവ് ലഭിച്ചിട്ടും ക്യാമറ ട്രാപ്പില്‍ പതിയാത്ത മൂന്ന് പ്രായപൂര്‍ത്തിയായ കടുവകള്‍ സിമിലിപാല്‍ കടുവ സങ്കേതത്തിലുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം കടുവകളുള്ളതും സിമിലിപാലിലാണ്, 24 എണ്ണം. 11 സാധാരണ കടുവകളും ദേഹത്ത് കറുത്ത വരകളുള്ള 13 മെലനിസ്റ്റിക് (pseudo-melanistic) കടുവകളുമാണ് സിമിലിപാലിലുള്ളത്. പൂര്‍ണമായും ശരീരത്തില്‍ കറുപ്പ് നിറം പ്രകടമല്ലാത്തവയെയാണ് സൂഡോ മെലനിസ്റ്റിക്കെന്ന് വിശേഷിപ്പിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. ലോകത്ത് വനപ്രദേശങ്ങളിൽ ദേഹത്ത് കറുത്ത വരകളുള്ള സൂഡോ മെലനിസ്റ്റിക് കടുവകൾ ധാരാളമുള്ള ഇടം കൂടിയാണ് സിമിലിപാല്‍ കടുവ സങ്കേതം.
2022-ല്‍ നടത്തിയ ഓള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്‍ (AITE) കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,167 കടുവകളാണുള്ളത്. കടുവകളുടെ എണ്ണമെടുക്കലിന് ശാസ്ത്രീയമായി അംഗീകരിച്ചിട്ടുള്ള മാര്‍ഗമാണ് ക്യാമറ ട്രാപ്പുകള്‍. ഓള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷനും ക്യാമറ ട്രാപ്പുകളെ അടിസ്ഥാനമാക്കിയുള്ളത്. കടുവകളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന പ്രൊജക്ട് ടെെഗർ കഴിഞ്ഞ വർഷമാണ് 50-ാം വാർഷികം ആഘോഷിച്ചത്. 50 -ാം വാർഷിക വേളയില്‍ ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്‌സ് അലയൻസ് എന്ന പേരിൽ ഒരു പദ്ധതികൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വര്‍, ചീറ്റ എന്നിങ്ങനെ മാര്‍ജാര കുടുംബത്തില്‍പ്പെടുന്ന ഏഴിനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ബിഗ് ക്യാറ്റ്‌സ് അലയൻസ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.