കാണക്കാരി: കാണക്കാരിയിൽ വനിതാ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാണക്കാരിയിൽ വനിതാ ഫിറ്റ്നസ് സെൻ്റർ സജ്ജമാക്കിയത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്റെ നിർദേശ പ്രകാരം 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചത്.
കാണക്കാരി ചിറകുളത്തിന് സമീപമുള്ള അംഗൻവാടി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഫിറ്റ്നസ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. വനിതകൾക്ക് അവരുടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ച ആരോഗ്യം നിലനിർത്തുന്നതിനും സഹായകരമായ രീതിയൽ ട്രെഡ്മിൽ ,സ്റ്റാറ്റിക് സൈക്കിൾ ലെഗ്എക്സ്റ്റൻഷൻ ,റോവർ, ഷോൾഡർ പ്രസ്സ് തുടങ്ങിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.
മെഡിക്കൽ ഓഫീസർ അംഗമായിട്ടുള്ള ഗുണഭോക്താക്കളുടെ സമിതിയാണ് തുടർ പരിപാലനം നടത്തുന്നത്. ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണും കാണക്കാരി ഡിവിഷൻ അംഗവുമായ കൊച്ചുറാണി സെബാസ്റ്റ്യൻ അദ്ധ്യക്ഷയായിരുന്നു.
ഫിറ്റ്നസ് ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനം കാണക്കാരി പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലൗലിമോൾ വർഗ്ഗീസ് നിർവ്വഹിച്ചു. ഉഴവൂർ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് നേതൃത്വം കൊടുത്ത ഉഴവൂർബ്ലോക്ക് സിഡിപിഒ ഡോ.റ്റിൻസി രാമകൃഷ്ണനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. കുര്യൻ പൊന്നാടയണിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തമ്പി ജോസഫ്, ബെറ്റ്സിമോൾ ജോഷി, ഡോ.അഭിരാജ്, ഡോ.വിനീത ഡോ.സുകുമാരി, ഡയറ്റീഷൻ മിനി ഡൊമിനിക്ക് തുടങ്ങിയവർ പ്രസംഗിച്ചു.