കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ യുഡിഎഫിൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ലീഗിന്റെ മൂന്നാം സീറ്റ് വിവാദം. മൂന്നാം സീറ്റിനായുള്ള ലീഗിന്റെ കടുംപിടുത്തം ഇടതുമുന്നണിക്ക് വീണ്ടുകിട്ടിയ കച്ചിത്തുരുമ്പായി മാറിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന കടുംപിടുത്തത്തിൽ അയവ് വരുത്തി രാജ്യസഭാ സീറ്റ് സ്വീകരിക്കണമെന്നാണ് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ലീഗ് മറുപടിയും നൽകി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന നിലപാടിലായിരുന്നു ലീഗ്. സീറ്റു നൽകാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതുൾപ്പെടെ ലീഗ് പരിഗണിച്ചു. ഇടതുമുന്നണി കൺവീനർ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ലീഗിനെ പിന്തുണയ്ക്കുകയും ചെയ്തു.

വിദേശത്തുള്ള പാണക്കാട് സാദിഖലി തങ്ങൾ ഇന്ന്  തിരിച്ചെത്തിയ ശേഷമായിരിക്കും മൂന്നാം സീറ്റിൽ തീരുമാനമാവുക. ഇക്കാര്യത്തിൽ കടുംപിടുത്തം വിടണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വവും ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

രാജ്യസഭാ സീറ്റ് വാഗ്ദാനം അംഗീകരിച്ച് മൂന്നാം സീറ്റിനായുള്ള കടുംപിടുത്തം ലീഗ് ഉപേക്ഷിക്കാനാണ് സാദ്ധ്യത. ജൂലായിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകും. 2027ൽ പി.വി.അബ്ദുൽ വഹാബ് ഒഴിയുമ്പോൾ ആ സീറ്റ് കോൺഗ്രസിന് നൽകണമെന്നാണ് ഉപാധി. 2028ൽ ജെബി മേത്തറിന്റെ ഒഴിവ് വരുന്ന സീറ്റ് ലീഗിന് കൈമാറി രാജ്യസഭയിൽ ലീഗിന് സ്ഥിരമായി രണ്ടംഗങ്ങൾ എന്നത് ഉറപ്പാക്കും. ഈ നിർദ്ദേശം എഐസിസിയെയും അറിയിക്കും.
കോൺഗ്രസ് മുന്നോട്ടുവച്ച ഉപാധികളിൽ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് നേതൃയോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. 

ലോ‌ക്‌സഭാ സീറ്റോ, രാജ്യസഭാ സീറ്റോ നൽകാനാവില്ലെന്ന മുൻനിലപാടിൽ നിന്ന് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതോടെ മൂന്നാം സീറ്റെന്നത് ലോക്‌സഭയിലേക്ക് തന്നെ വേണമെന്നതിൽ വാശി പിടിക്കേണ്ടെന്ന ധാരണ ലീഗിൽ രൂപപ്പെട്ടിട്ടുണ്ട്. ലോക്‌സഭയിൽ മൂന്നാംസീറ്റെന്ന ആവശ്യം പരിഗണിച്ചാൽ സാമുദായിക ധ്രുവീകരണത്തിലേക്ക് വഴിവയ്ക്കാമെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവാനുള്ള സാദ്ധ്യതയും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.

മൂന്നാം സീറ്റെന്ന ആവശ്യം പ്രവർത്തകർ വൈകാരികമായെടുത്ത സാഹചര്യത്തിൽ പിന്നാക്കം പോവാനാവില്ലെന്ന് ലീഗ് നേതൃത്വവുമറിയിച്ചു. രാജ്യസഭാ സീറ്റിലെ പരസ്യ പ്രഖ്യാപനം വൈകരുതെന്ന ആവശ്യവും ലീഗ് മുന്നോട്ടുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനമെന്ന കോൺഗ്രസ് നിർദ്ദേശം ലീഗ് അംഗീകരിച്ചിട്ടില്ല.
അതേസമയം, ഉഭയകക്ഷി ചർച്ചയിലെ ധാരണകൾ ലീഗിന്റെ നേതൃയോഗം വരെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്തരുതെന്ന ധാരണ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ലംഘിച്ചതിൽ ലീഗിന് അതൃപ്തിയുണ്ട്. മാധ്യമങ്ങളുടെ നിരന്തര ചോദ്യങ്ങൾക്കിടയിലും യുഡിഎഫ് ചെയ‌ർമാൻ വി.ഡി.സതീശനും പി.കെ.കു‌ഞ്ഞാലിക്കുട്ടിയും ഐക്യസന്ദേശത്തിനപ്പുറം മറ്റൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *