തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനേ ഉയരുകയാണ്. ഫെബ്രുവരിയിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ സർവകലാല റെക്കോർഡാണ്. ചൂട് താങ്ങാനാവാതെ ജനങ്ങൾ എയ‌ർകണ്ടിഷനുകളുടെ ഉപയോഗം കൂട്ടിയതാണ് വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയത്.
മുൻ വർഷത്തേക്കാൾ 10 ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഫെബ്രുവരിയിലെ ഉപഭോഗം. ഇതിൽ 75.4852 ദശലക്ഷം യൂണിറ്റും പുറമേ നിന്നെത്തിച്ചതാണ്. 16.9827 ദശലക്ഷം യൂണിറ്റാണ് ആഭ്യന്തര ഉത്പാദനം. കൂടുതൽ വിലയ്ക്ക് പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നതിന്റെ നഷ്ടം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാനൊരുങ്ങുകയാണ് കെഎസ്ഇബി.
വൈദ്യുതി ഉപഭോഗം കൂടിയതിന് പിന്നാലെ ദീർഘകാലകരാർ പ്രകാരമുളള വൈദ്യുതി നഷ്ടമായതും കൂടിയായപ്പോൾ പ്രതിദിനം ആറു കോടി വരെ നഷ്ടമാണെന്നാണ് കെഎസ്ഇബി പറയുന്നത്. അതിനാൽ സെസ് കൂട്ടേണ്ടി വരുമെന്നാണ്‌ മുന്നറിയിപ്പ്.

വേനലിന്റെ പേരു പറഞ്ഞ് അടുത്ത നിരക്ക് വർദ്ധനവിനാണ് കെഎസ്ഇബി ഒരുങ്ങുന്നത് എന്നാണ് സൂചന. ഫെബ്രുവരിയിൽ സാധാരണ എട്ടരക്കോടി യൂണിറ്റ് വൈദ്യുതിയാണ് ചെലവാകുക. ഇക്കുറി അത് 9.2 കോടി മുതൽ 9.5 കോടിവരെ എത്തി. ഇതിൽ 2.2 കോടി ജലവൈദ്യുതിയാണ്. 2.8 കോടി കേന്ദ്ര ഗ്രിഡിൽ നിന്ന് തരും. 3 കോടി അന്തർ സംസ്ഥാന കരാറുകളിലൂടെ കിട്ടും. ബാക്കി 1.2 കോടിയൂണിറ്റാണ് പുറമെ നിന്ന് വൻ വിലയ്ക്ക് വാങ്ങേണ്ടിവരുന്നത്. ഇതിന് ഒരുദിവസം 4 കോടി മുതൽ 6 കോടിവരെയാണ് അധിക ചെലവുണ്ടാവുകയെന്ന് കെഎസ്ഇബി പറയുന്നു.

കഴിഞ്ഞ മാസം അവസാനം വരെ ശരാശരി 86 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപഭോഗം. എന്നാൽ ഇപ്പോൾ പ്രതിദിനം 90 ദശലക്ഷം യൂണിറ്റിന് മുകളിലാണിത്. രാത്രി 10ന് കുതിച്ചുയരുന്ന ഉപഭോഗം 4650 മെഗാവാട്ടിന് അടുത്ത് വരെ എത്തി. പുലർച്ചെ 4.30ന് ശേഷമാണ് കുറയുന്നത്. എയർകണ്ടീഷനർ, കൂളർ, ഫാൻ എന്നിവയുടെ ഉപയോഗമാണ് വൈദ്യുതി ഉപഭോഗം റെക്കാഡിലെത്തിച്ചത്.
മൺസൂൺ മഴ കുറഞ്ഞത് അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറച്ചിട്ടുണ്ട്. നിലവിൽ 55% വെള്ളമാണ് അണക്കെട്ടുകളിലുള്ളത്. ഇത് ഉപയോഗിച്ച് അടുത്ത മൂന്ന് മാസത്തേക്ക് പരമാവധി 240 കോടി യൂണിറ്റ് വൈദ്യുതി വരെയുണ്ടാക്കാം. ഉപഭോഗം കൂടിയത് കണക്കിലെടുത്ത് ഇപ്പോൾ ജലവൈദ്യുതി ഉൽപാദനം 1.6 കോടിയിൽ നിന്ന് 2.2 കോടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് 2359.52 അടിയാണ്. സംഭരണശേഷിയുടെ 54 ശതമാനം. ഒരു മാസത്തിനിടെ ആറ് ശതമാനത്തിലേറെ വെള്ളമാണ് അണക്കെട്ടുകളിലാകെ താഴ്ന്നത്. മേയിൽ 465 മെഗാവാട്ടിന്റെ നാല് ദീർഘകാല കരാറുകൾ റദ്ദാക്കിയത് പിന്നീട് സംസ്ഥാനസർക്കാർ ഇടപെട്ടതിനെ തുടർന്ന് റെഗുലേറ്ററികമ്മിഷൻ പുന:സ്ഥാപിച്ചെങ്കിലും അത് പ്രകാരമുള്ള വൈദ്യുതി കിട്ടുന്നില്ല.
കരാർ കമ്പനികൾക്ക് താൽപര്യമില്ലാത്തതാണ് കാരണം. ഇതിനെതിരെ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് കെഎസ്ഇബി. പ്രതിദിനം 75 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബിക്ക് കിട്ടാതെ പോകുന്നത്.

വൈദ്യുതി ഉപഭോഗം കൂട്ടാൻ കാരണം എ.സിയുടെ വൻ ഉപയോഗമാണ്. കേരളത്തിൽ 40 ലക്ഷത്തിലേറെ എ.സി.യുണ്ടെന്നാണ് കണക്ക്. പ്രതിവർഷം മൂന്നരലക്ഷം എ.സി.യാണ് വിറ്റഴിക്കുന്നത്. വൈകിട്ട് ആറര മുതൽ രാത്രി 12 വരെ വൻ വൈദ്യുതി ഉപഭോഗമാണ്.

യൂണിറ്റിന് 15 രൂപ മുതൽ 22 രൂപവരെ വിലയ്ക്കാണ് ദേശീയ ഹൈപ്രൈസ് പവർ മാർക്കറ്റിൽ നിന്ന് വാങ്ങുന്നത്. വിൽക്കുന്നത് യൂണിറ്റിന് 6.10 രൂപയ്ക്കാണ്. ഇതാണ് നിരക്കുയർത്താനുള്ള കാരണമായി കെഎസ്ഇബി പറയുന്നത്. നിലവിൽ യൂണിറ്റിന് 19 പൈസ സെസുണ്ട്. നവംബർ 2 നാണ് കറണ്ട് ചാർജ്ജ് യൂണിറ്റിന് 20 പൈസ കൂട്ടിയത്. ഇനി സെസും കൂട്ടിയാൽ ജനങ്ങളുടെ നടുവൊടിയും.

By admin

Leave a Reply

Your email address will not be published. Required fields are marked *