പത്തനംതിട്ട: സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി പങ്കെടുക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തീരുമാനിച്ച സമയത്ത് എത്താനാവില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്താ സമ്മേളനത്തില്‍ വി ഡി സതീശന്‍ വൈകിയെത്തിയതിന് കെ സുധാകരന്‍ അസഭ്യ പ്രയോഗം നടത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിലെ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കിയതെന്നതും കൗതുകകരമാണ്.
സമരാഗ്നി കടന്നുപോയ എല്ലാ ജില്ലകളിലും ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അതിന് ശേഷമാണ് ജനകീയ ചര്‍ച്ചാ സദസ്സിലേക്ക് നേതാക്കള്‍ പോയിരുന്നത്.
അതനുസരിച്ച് പത്തനംതിട്ടയില്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തിന് ശേഷമാകും ജനകീയ സദസ് ഉണ്ടാവുകയെന്ന് ഡിസിസി മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനം ഇല്ലെന്ന് ഡിസിസി നേതൃത്വം ഇന്ന് രാവിലെ അറിയിക്കുകയായിരുന്നു.
തൊണ്ട വേദനയുള്‍പ്പെടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ എറണാകുളത്ത് നിന്നും പത്തനംതിട്ടയിലേക്ക് എത്താന്‍ വൈകുമെന്നും അതിനാല്‍ സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കുകയാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *