റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഗുജറാത്ത് സ്വദേശിക്ക് ദാരുണാന്ത്യം. ഫെബ്രുവരി 21ന് ഡോണ്‍ട്സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 23 വയസുകാരനായ ഹെമില്‍ അശ്വിന്‍ഭായ് മാന്‍ഗുകിയ കൊല്ലപ്പെട്ടത്. സൂറത്ത് സ്വദേശിയായ ഹെമില്‍ റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായിയായിട്ട് 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്.
അതേസമയം സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഹെമിലിനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം പിതാവ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്തയച്ചിരുന്നതായി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ യുദ്ധമേഖലയില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായികളായി നൂറോളം ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും യുദ്ധമുഖത്തേക്ക് വിന്യസിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും അതില്‍ ചിലരെയെങ്കിലും റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഹെമിലിന്റെ മരണവാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
യുദ്ധത്തിനിടയില്‍ ഹെമിലിന് നേരെ മിസൈലുകള്‍ പതിക്കുകയായിരുന്നുവെന്ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയായ സമീര്‍ അഹമ്മദ് പറയുന്നു. ”ഒരു ഡ്രോണ്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറക്കുകയായിരുന്നു. ഞാന്‍ ഒരു കിടങ്ങുണ്ടാക്കുകയും, വെടിവെക്കുന്നതെങ്ങനെയെന്ന് ഹെമില്‍ പഠിക്കുകയുമായിരുന്നു. പെട്ടെന്ന് സ്‌ഫോടന ശബ്ദം കേട്ടു. ഞാനും മറ്റ് രണ്ട് ഇന്ത്യക്കാരും റഷ്യന്‍ സൈനികരോടൊപ്പം കിടങ്ങിനുള്ളില്‍ ഒളിച്ചു നിന്നു. പിന്നാലെ ഭൂമിയെ കുലുക്കി കൊണ്ട് മിസൈല്‍ വന്ന് പതിക്കുകയായിരുന്നു. അല്‍പ സമയത്തിന് ശേഷം ഞങ്ങള്‍ പുറത്ത് ഇറങ്ങിവന്നപ്പോള്‍ ഹെമില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്”, അദ്ദേഹം പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed