തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കുമെന്ന സൂചനകൾ ശക്തമായതോടെ സ്ഥാനാർഥി നിർണയത്തിനുളള നടപടികൾ പുനരാരംഭിച്ച് കോൺഗ്രസ്. ലോക്‌സഭാ സ്ഥാനാർഥി നിർണയത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൻെറ സ്ക്രീനിങ്ങ് കമ്മിറ്റി ചേരും. ചൊവ്വാഴ്ച കൊല്ലത്ത് വെച്ചാണ് യോഗം. സ്ക്രീനിങ്ങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരിയും വിശ്വനാഥ് കദമും യോഗത്തിൽ സംബന്ധിക്കും.
ഭൂരിപക്ഷം സീറ്റിലും സിറ്റിങ്ങ് എം.പിമാരായതിനാൽ കഴിഞ്ഞതവണ മത്സരിച്ച് തോറ്റ ആലപ്പുഴ സീറ്റിലാണ് പുതിയ സ്ഥാനാർത്ഥിയ കണ്ടെത്തേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വമുളള കണ്ണൂർ സീറ്റിൻെറ കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ സിറ്റിങ്ങ് സീറ്റായ വയനാട് മണ്ഡലത്തിൽ അദ്ദേഹം തുടരുന്നില്ലെങ്കിൽ പകരമാര് എന്നതും സ്ക്രീനിങ്ങ് കമ്മിറ്റിയുടെ പരിഗണനക്ക് വരേണ്ട വിഷയമാണ്. മാവേലിക്കരയിലെ സിറ്റിങ്ങ് എം.പി കൊടിക്കുന്നിൽ സുരേഷ് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ നിലനിർത്തണോ ഒഴിവാക്കണോ എന്നതിലും തീരുമാനം വേണം.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻെറ നേതൃത്വത്തിൽ നടന്ന സർവേയിൽ മാവേലിക്കരയിൽ കൊടിക്കുന്നിലിന് വിജയസാധ്യത കുറവാണെന്ന റിപ്പോര്‍ട്ടും കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ട്.
സമരാഗ്നി സമാപിക്കുന്നതിനൊപ്പം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നാണ് മത്സരിക്കാൻ തയാറായി നിൽക്കുന്ന സിറ്റിങ്ങ് എം.പിമാരുടെ കൂട്ടായ ആവശ്യം. സി.പി.എമ്മിൻെറയും സി.പി.ഐയുടെയും സ്ഥാനാത്ഥി പ്രഖ്യാപനത്തോടെ ഇടതുമുന്നണി പ്രചാരണത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇനിയും പ്രഖ്യാപനം വൈകിയാൽ സാധ്യതകളെ ബാധിക്കുമെന്നാണ് എം.പിമാരുടെ ആശങ്ക.
കേരളത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം എത്രയും വേഗം വേണം എന്നുള്ളതാണ് സംസ്ഥാന നേതൃത്വത്തിന്റെയും ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുളള നേതാക്കൾ ഇക്കാര്യം ഹൈക്കമാൻഡിൻെറ ശ്രദ്ധയിൽ പെടുത്തിയിട്ടുമുണ്ട്. സ്ഥാനാർഥികളെ ആലോചിക്കാൻ നേരത്തെ തെരഞ്ഞെടുപ്പ് കമ്മറ്റി ചേർന്നെങ്കിലും കൃത്യമായ ധാരണയില്ലാതെയാണ് പിരിഞ്ഞത്. വയനാട്, കണ്ണൂർ ഒഴികെയുള്ള സീറ്റുകളിൽ സിറ്റിങ്ങ് എംപിമാർ തന്നെ മത്സരിക്കട്ടെയെന്നും ആലപ്പുഴയിൽ മത്സരിക്കാൻ സന്നദ്ധനാണോയെന്ന കാര്യത്തിൽ കെ സി വേണുഗോപാലിൻെറ അഭിപ്രായം ആരായാനുമായിരുന്നു ആദ്യ യോഗത്തിലെ തീരുമാനം.
സി.പി.എം സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ പലമണ്ഡലങ്ങളിലും കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻെറ വിലയിരുത്തൽ. കണ്ണൂർ, വടകര, പത്തനംതിട്ട, ആറ്റിങ്ങൽ സീറ്റുകളിലാണ് പോരാട്ടം കടുക്കുമെന്ന് വിലയിരുത്തലുളളത്.
കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മത്സരിക്കുന്നതിനാൽ കെ. സുധാകരൻ തന്നെ മത്സരിക്കുന്നതാണ് വിജയിക്കാൻ സഹായകരമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സുധാകരൻെറ അഭാവത്തിൽ അനായാസ ജയം ലക്ഷ്യമിട്ടാണ് സി.പി.എം എം.വി.ജയരാജനെ കളത്തിൽ ഇറക്കിയതെന്നും കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ സംശയക്കുന്നു.
വയനാട് സീറ്റിൽ ആര് മത്സരിച്ചാലും ജയിക്കുമെങ്കിലും കേരളത്തിലെ പൊതുവായ വിജയസൂത്രത്തിന് രാഹുൽ ഗാന്ധിതന്നെ മത്സരിക്കുന്നതാണ് നല്ലതെന്നും നേതാക്കൾക്ക് അഭിപ്രായമുണ്ട്. എന്നാൽ വയനാട്ടിൽ മത്സരിക്കുന്നിതിൽ നിന്ന് പിന്തിരിപ്പിക്കാൻ രാഹുലിന് മേൽ ഇന്ത്യാമുന്നണിയിലെ ഘടകകക്ഷികളിൽ നിന്ന് സമ്മർദ്ദമുണ്ട്. ആലപ്പുഴ സീറ്റ് തിരിച്ചുപിടിക്കാൻ കെ.സി. വേണുഗോപാൽ തന്നെ മത്സരിക്കണമെന്നാണ് ജില്ലയിലെ പാർട്ടിയുടെ അഭിപ്രായം. ഇക്കാര്യത്തിലെല്ലാം സ്ക്രീനിങ്ങ് കമ്മിറ്റി വ്യക്തത വരുത്തിയില്ലെങ്കിൽ കോൺഗ്രസിൽ കാര്യങ്ങളാകെ കുഴയും.