തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം. മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തൃശൂർ അതിരൂപത സമുദായ സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നു. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നിരന്തരം നടന്നുവരുന്ന ആക്രമണങ്ങൾ തടയാൻ കേന്ദ്ര സർക്കാർ അതിശക്തമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ന്യൂനപക്ഷക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിനെയും സഭ അതീരൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനവും, നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനില്‍ക്കുന്ന അവസ്ഥയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ വിധി അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ വന്യമൃഗ ആക്രമണ ഭീഷണി ഒഴിവാക്കാനും, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒമ്പത് മാസങ്ങൾ കഴിഞ്ഞിട്ടും അത് പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിൽ ജാഗ്രതാ സമ്മേളനം പ്രതിഷേധമറിയിച്ചു. ഇരുസര്‍ക്കാരുകളെയും അതിരൂപത സമുദായ സമ്മേളനം വിമര്‍ശിക്കുമ്പോള്‍, ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അത് എത്രത്തോളം നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.