ഉത്തർ പ്രദേശ്: ഓൺലൈൻ ഗെയിമിന് അടിമയായി, കട ബാധ്യത തീർക്കുന്നതിനായി ഇൻഷുറൻസ് പണം തട്ടാൻ യുവാവ് അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് സംഭവം. ഫത്തേപ്പൂർ സ്വദേശിയായ ഹിമാൻഷു എന്ന യുവാവാണ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ ഗെയിമിന് അടിമയായി നാല് ലക്ഷത്തോളം രൂപ ഇയാൾക്ക് കടമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

തുടർച്ചയായി നഷ്ടം സംഭവിച്ചെങ്കിലും ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടതിനാൽ കടം വാങ്ങിയും ഇയാൾ കളി തുടരുകയായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷമാണ് താൻ നാല് ലക്ഷത്തോളം രൂപ ഇപ്പോൾ തന്നെ കടം വാങ്ങിയിട്ടുണ്ടെന്ന് ഇയാൾ തിരിച്ചറിയുന്നത്. ഇതോടെ കടം എങ്ങനെയും വീട്ടണമെന്ന ചിന്തയിലായി. അങ്ങനെയാണ് അമ്മയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക കൈപ്പറ്റാമെന്നുള്ള ചിന്തയിലേക്ക് എത്തുന്നത്.
തുടർന്ന് അമ്മായിയുടെ ആഭരണങ്ങൾ മോഷ്ടിച്ച വിൽക്കുകയും, ആ പണം കൊണ്ട് ഇയാൾ രക്ഷിതാക്കളുടെ പേരിൽ ഇൻഷുറൻസ് പോളിസികൾ ചേരുകയും ചെയ്തു. ശേഷം അച്ഛൻ വീട്ടിലില്ലാത്ത ഒരു ദിവസം നോക്കി അമ്മയെ കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി ട്രാക്ടറിൽ യമുനാ നദിയിൽ കൊണ്ട് തള്ളി.
ഇതിനിടെ വീട്ടിലെത്തിയ പിതാവ് ഭാര്യയും മകനും വീട്ടിലില്ലെന്ന് മനസിലാക്കി. ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് ഹിമാൻഷുവിനെ ട്രാക്ടറുമായി യമുനാ തീരത്ത് കണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും, പൊലീസ് നടത്തിയ തെരച്ചിലിൽ യമുനയിൽ നിന്ന് അമ്മ പ്രഭയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹിമാൻഷുവിനെ കസ്റ്റഡിയിലെത്തുള്ള ചോദ്യം ചെയ്‌യലിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. കൊലപാതകത്തിന് ശേഷം ഹിമാൻഷു ഒളിവിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷത്തിലാണ് ഇയാളെ കണ്ടെത്താനായത്. കൊലപാതകക്കുറ്റം ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *