റിയാദ് : “സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിഭജനം പോലുള്ള വലിയ ദുരന്തമുഖത്തും മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയത്തെ ചേർത്തു പിടിച്ചവരാണ് നമ്മൾ. ആ ഐക്യത്തെ തകർക്കാൻ ആരെയും അനുവദിച്ചുകൂടാ. മനുഷ്യർ ചേർന്നു നിന്നാൽ ഒരു ക്ഷുദ്രശക്തികൾക്കും നമ്മെ തോൽപ്പിക്കാനാവില്ല.
ശുഭാപ്തിവിശ്വാസത്തോടെ ആ ഐക്യത്തിനായി നാം ഓരോരുത്തരും കൈകോർക്കേണ്ട സമയമായിരിക്കുന്നു. ഇനിയും അമാന്തിച്ചു നിന്നാൽ നിലനിൽപ്പ് തന്നെ അപകടത്തിലാകും.” കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പി എൻ ഗോപീകൃഷ്ണൻ റിയാദിൽ പറഞ്ഞു.  
2023- ലെ ഓടക്കുഴൽ അവാർഡ് നേടിയ അദ്ദേഹത്തിന് കേളി കലാസാംസ്കാരിക വേദി റിയാദിൽ ഒരുക്കിയ സ്വീകരണയോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി എൻ ഗോപീകൃഷ്ണൻ.  
മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ആമുഖ പ്രസംഗം നടത്തി. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിക്ക് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. 
കേളിക്ക് വേണ്ടി പ്രസിഡന്റ് സെബിൻ ഇഖ്ബാലും, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്‌ എന്നിവരും അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. കേളിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ എന്നിവർ ചേർന്ന് നൽകി.  
ഇന്ത്യക്ക് മാതൃകയായി കേരളം ജ്വലിച്ചു നിൽക്കുന്നുണ്ടെങ്കിലും ഒരു അഗ്നിഗോളം കാൽച്ചുവട്ടിൽ പുകയുന്നുണ്ടെന്ന് നാം ഓരോരുത്തരും  തിരിച്ചറിയണമെന്നും അതിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് അനിവാര്യമാണെന്നും ഗോപീകൃഷ്ണൻ കൂട്ടി ചേർത്തു.
റിയാദിലെ സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ ചില്ല സർഗവേദിയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനായാണ് അദ്ദേഹം റിയാദിൽ എത്തിയത്.  
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പ്രസിഡന്റ് സെബിൻ ഇഖ്ബാൽ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *