തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായാൽ എന്തുമായെന്ന രീതിയിലാണ് സെക്രട്ടേറിയറ്റിലെ കാര്യങ്ങൾ പുരോഗമിക്കുന്നത്. ഇൻലാൻഡ് നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ആലപ്പുഴയിലെ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ശ്യാംഗോപാലിനെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി കൈയേറ്റം ചെയ്തെന്നാണ് ഒടുവിലത്തെ പരാതി. മുൻപും സമാനമായ സംഭവങ്ങൾ സെക്രട്ടേറിയറ്റിലുണ്ടായിട്ടുണ്ട്. ചീഫ് എൻജിനിയ‌ർ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിനെതിരേ നൽകിയ പരാതി ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗ് അന്വേഷിക്കുകയാണ്.
സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്കിലെ മന്ത്രിയുടെ ഓഫീസിലാണ് സംഭവം നടന്നത്. താൻ ഓഫീസിലെത്തിയപ്പോൾ മന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി പി.സി.ജയിംസ് കാബിനിലേക്ക് വിളിച്ചു. അപ്പോൾ മുറിയിലുണ്ടായിരുന്ന അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി, ‘മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ’ എന്നു പറഞ്ഞ് ആക്രോശിക്കുകയും കൈയേറ്റം ചെയ്തതെന്നുമാണ് ശ്യാംഗോപാൽ പരാതിയിൽ പറയുന്നത്.
നിങ്ങളാരാണതു പറയാനെന്നു ചോദിച്ചപ്പോൾ ഉന്തും തള്ളും ഉണ്ടായി. രംഗം വഷളാക്കേണ്ടെന്ന് മറ്റ് ജീവനക്കാർ പറഞ്ഞപ്പോൾ താൻ സെക്രട്ടറിയെ കാണാനായി പോവുകയായിരുന്നെന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പ്രേംജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. 
ശ്യാംഗോപാലിന്റെ പരാതിയിൽ മന്ത്രി റോഷി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്വഭാവം അനുസരിച്ച് പരാതി സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് കൈമാറാം. ആവശ്യമെങ്കിൽ സെക്യൂരിറ്റി ഓഫീസർക്ക് പരാതി പൊലീസിനും കൈമാറാം. അതല്ല, പ്രശ്നം രമ്യമായി അവസാനിപ്പിക്കാൻ മന്ത്രി ശ്രമിക്കുമോയെന്ന ചോദ്യവും ഉയരുന്നു. ദീർഘകാലമായി മന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് പ്രേംജി.
അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കുന്ന നിലപാട് മന്ത്രി സ്വീകരിക്കില്ലെന്നാണ് സൂചന. അതിനിടെ, ശ്യാംഗോപാലിനെ അനുകൂലിച്ച് ഉദ്യോഗസ്ഥരുടെ വാട്സ് ഗ്രൂപ്പിൽ പോസ്റ്റിട്ട ഇൻലാൻഡ് നാവിഗേഷൻ സെക്ഷൻ – 1ലെ എം.മനീഷിനെ മൂന്നാറിലെ ഇറിഗേഷൻ സെക്ഷനിലേക്ക് സ്ഥലംമാറ്റി. അതേസമയം, പൊതുവായ സ്ഥലംമാറ്റത്തിന്റെ ഭാഗമാണെന്നാണ് അധികൃതരുടെ വിശദീകരണം.
പേഴ്സണൽ സ്റ്റാഫുകൾക്ക് ഉന്നത പദവിയും കനത്ത ശമ്പളവും പെൻഷനുമുണ്ട്. 362 പേഴ്സണൽ സ്റ്റാഫുകളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ്‌വിപ്പിനുമുള്ളത്. പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളത്തിന് പ്രതിമാസം ചെലവിടുന്നത് 1.42കോടി രൂപയാണ്. പേഴ്സണൽ സ്റ്റാഫുകൾക്ക് ഖജനാവിൽ നിന്ന് പണമെടുത്ത് പെൻഷൻ നൽകുന്നതിനെതിരേ ഗവർണർ രംഗത്ത് വന്നിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിച്ച് 1994സെപ്തംബർ 23നാണ് ഉത്തരവിറക്കിയത്. പരമാവധി പെൻഷന് 30വർഷത്തെയും ചുരുങ്ങിയ പെൻഷന് 3വർഷത്തെയും സർവീസാണ് വേണ്ടത്.
29വർഷത്തിലധികം സർവീസുണ്ടെങ്കിൽ 30 വർഷമായും രണ്ടു വർഷത്തിലധികമുണ്ടെങ്കിൽ മൂന്നു വർഷമായും പരിഗണിക്കും. രണ്ടുവർഷവും ഒരുദിവസവും ജോലി ചെയ്യുന്നവർക്ക് 3വർഷമായി പരിഗണിച്ച് 4750രൂപ മിനിമം പെൻഷൻ ലഭിക്കും.
പദവിക്കനുസരിച്ച് പെൻഷനും കൂടും. 7%ഡി.എയും കിട്ടും. ടെർമിനൽ സറണ്ടറായി രണ്ടരമാസത്തെ ശമ്പളം, ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ ആനുകൂല്യങ്ങളുമുണ്ട്. കാലാകാലങ്ങളിൽ പെൻഷൻ പരിഷ്കരണവുമുണ്ട്. മന്ത്രിയുടെ പാചകക്കാരനായിരുന്നവർക്കും ആജീവനാന്തം 4750രൂപയെങ്കിലും പെൻഷൻ കിട്ടും. പേഴ്സണൽ സ്റ്റാഫായി നാലുവർഷമെങ്കിലും പ്രവർത്തിച്ചവർക്കേ പെൻഷൻ നൽകാവൂവെന്ന ശമ്പളകമ്മിഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല.
ഗസറ്റഡ് തസ്തികയിൽ 1.60ലക്ഷം വരെ ശമ്പളവും കനത്ത അധികാരവുമുള്ള പേഴ്സണൽ സ്റ്റാഫ് ജോലിക്ക് പ്രത്യേക വിദ്യാഭ്യാസയോഗ്യതയില്ല. അടിസ്ഥാന ശമ്പളത്തിന് പുറമെ 7%ഡി.എ, 10%എച്ച്.ആർ.എ, മെഡിക്കൽ റീഇമ്പേഴ്സ്‌മെന്റ്, ക്വാർട്ടേഴ്സ് എന്നിവയുമുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ടു വർഷത്തെ സേവനത്തിനു ശേഷം ആജീവനാന്തം പെൻഷൻ നൽകുന്നത് ചട്ടലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഗവർണറുടെ നിലപാട്. പെൻഷൻ ഉറപ്പാക്കി, മന്ത്രിമാരുടെ സ്റ്റാഫുകൾ രണ്ടു വർഷമാവുമ്പോൾ രാജിവയ്ക്കുകയും പകരം പുതിയ ആളുകളെ നിയമിക്കുകയുമാണ് പതിവ്. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർ വരെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *