തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്.
റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് കമ്മിഷന് തീരുമാനമെടുക്കാനുള്ള അവകാശമില്ല. റിപ്പോര്‍ട്ടിലുള്ളത് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു.
ടേംസ് ഓഫ് റെഫറന്‍സ് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതാണ് ഒരു അന്വേഷണ കമ്മിഷന്റെ ചുമതല. കമ്മിഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം നിയമസഭയിലും ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം. എന്നാൽ റിപ്പോർട്ട് പരസ്യപ്പെടുത്തണം എന്നതില്‍ നിര്‍ബന്ധമില്ലെങ്കിലും കമ്മിഷന് സ്വയം അത്തരത്തിലൊരു തീരുമാനം എടുക്കാനുള്ള അധികാരമില്ല- കെ നാരായണ കുറുപ്പ് പറഞ്ഞു.
എന്ത് സംഭവിച്ചാലും ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ശാശ്വത പരിഹാരമായെന്നാണ് പൊതുവായ ധാരണ. വിദ്യാസമ്പന്നര്‍ വരെ അങ്ങനെയാണ് കരുതുന്നത്. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മാത്രമാണ് ‌അധികാരികൾ സ്വീകരിക്കുക.
കമ്മിഷന്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാറില്ല. ഇത്തരത്തിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പിന്നീട് ചവറ്റുകുട്ടയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *