ലഖ്നൗ : ഇന്‍ഷുറന്‍സ് തുകയ്ക്കായി അമ്മയെ കൊലപ്പെടുത്തി മകന്‍. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് ഈ ക്രൂരത. ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ ഉണ്ടായ കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് യുവാവ് സ്വന്തം അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. മകന്‍ ഹിമാന്‍ഷുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി ഹിമാന്‍ഷു ഓണ്‍ലൈന്‍ ഗെയിമിംഗിന് അടിമയാണെന്ന് പൊലീസ്.
 സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും ഗെയിം കളിച്ചിരുന്നു. നാലുലക്ഷം രൂപയോളമാണ് ഇയാള്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്. കടം നല്‍കിയവര്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ഹിമാന്‍ഷു കടുത്ത സമ്മര്‍ദ്ദത്തിലായി. ഇതേത്തുടര്‍ന്നാണ് അമ്മയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബന്ധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ ഹിമാന്‍ഷു ആ പണം ഉപയോഗിച്ച് മാതാപിതാക്കളുടെ പേരില്‍ 50 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തു. പിന്നീട് അവസരം പാര്‍ത്തിരുന്ന ഹിമാന്‍ഷു അച്ഛന്‍ ഇല്ലാതിരുന്ന സമയത്ത് അമ്മ പ്രഭയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ചണച്ചാക്കിനുള്ളിലാക്കി യമുനാ നദീയില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ചിത്രകൂട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ പിതാവ് റോഷന്‍ സിംഗ് പ്രഭയെ കുറിച്ച് ചോദിച്ചപ്പോള്‍ അടുത്തുള്ള വീട്ടില്‍ പോയിരിക്കുകയാണെന്നായിരുന്നു പ്രതി മറുപടി നല്‍കിയത്. മകനെയും ഭാര്യയെയും രാത്രി വൈകിയും കാണാതായതോടെ റോഷന്‍ ഇരുവരെയും അന്വേഷിച്ച് ഇറങ്ങി. അയല്‍വക്കത്തുള്ളവരോട് ചോദിച്ചെങ്കിലും ഒരു വിവരവും ലഭിക്കാതെ വന്നതോടെ റോഷന്‍ അടുത്തുള്ള തന്റെ സഹോദരന്റെ വീട്ടിലേക്ക് പോയി. എന്നാല്‍ പ്രഭ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
മടങ്ങി വരും വഴി, ഹിമാന്‍ഷു ട്രാക്ടറില്‍ നദിക്ക് സമീപം പോകുന്നതായി കണ്ടുവെന്ന് ഒരു അയല്‍ക്കാരന്‍ റോഷനോട് പറഞ്ഞു. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് പ്രഭയുടെ മൃതദേഹം യമുനയ്ക്ക് സമീപം നിന്ന് കണ്ടെടുക്കുകയും തൊട്ടുപിന്നാലെ ഹിമാന്‍ഷുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *