കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുമരകം സാമൂഹികാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടി 18 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യഗ്രാൻഡിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ മുടക്കി നവീകരിച്ച മുറിയിലാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്.
ലിവർ ഫംഗ്ഷൻ, ലിപ്പിഡ് പ്രൊഫൈൽ, സി.ആർ.പി.ആർ.എ ഫാക്ടർ ഉൾപ്പെടെ വിവിധങ്ങളായ രോഗനിർണയ ഉപകരണങ്ങളും താലൂക് ജനറൽ ആശുപത്രിയിൽ മാത്രം നിലവിലുള്ള ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ, ബയോളജിക്കൽ സേഫ്റ്റി ക്യാബിനറ്റ്, യൂറിൻ അനലൈസർ, സെൻട്രി ഫ്യൂജ്, റിസർച്ച് മൈക്രോസ്‌കോപ്പ് സെമി ഓട്ടോമാറ്റിക് അനലൈസർ എന്നി ഉപകരണങ്ങളുമാണ് പുതിയതായി സ്ഥാപിച്ചത്. പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പരിശോധനകൾ നടത്താനുള്ള സൗകര്യമാണ് ബ്‌ളോക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ബിന്നു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കവിതാ ലാലു , ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം ദിവ്യ ദാമോദരൻ, ജില്ലാ മെഡിക്കൽ ഓഫീസർ പി.എൻ. വിദ്യാധരൻ, ജില്ലാ എൻ.എച്ച്.എം പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ എന്നിവർ പങ്കെടുത്തു.