സംസ്ഥാനത്ത് ദത്ത് നല്കപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ഷംതോറും കുറയുന്നു. അതേസമയം, കുട്ടികളെ നിയമപരമായി ദത്തെടുക്കുന്നതിനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിവഴി രജിസ്റ്റര്‍ചെയ്തു കാത്തിരിക്കുന്ന ദമ്പതികളുടെ എണ്ണം കൂടുകയാണ്.
2001-ല്‍ സംസ്ഥാനത്ത് 297 കുഞ്ഞുങ്ങളെയാണ് ദത്ത് നല്‍കിയത്. 2013-14-ല്‍ ഇത് 199 ആയും 2022-2023-ല്‍ 108 ആയും കുറഞ്ഞു. പത്തുവര്‍ഷത്തിനിടെ 1428 കുട്ടികളെയാണ് സംസ്ഥാനത്താകെ ദത്തുനല്‍കിയത്. ഇതില്‍ 130 എണ്ണം രാജ്യത്തിനുപുറത്തുള്ള ദമ്പതികള്‍ക്കാണ്. നിലവില്‍ കുട്ടികള്‍ക്കായി അപേക്ഷ നല്കി കാത്തിരിക്കുന്ന 1158 ദമ്പതികള്‍ കേരളത്തിലുണ്ട്. 14 ജില്ലകളിലെയും അംഗീകൃത ദത്ത് സ്ഥാപനങ്ങളിലാവട്ടെ ആകെയുള്ളത് 166 കുട്ടികളുമാണ്.
അര്‍ഹരായ കുട്ടികളില്ലാത്തതാണ് ദത്തുകുറയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഉപേക്ഷിക്കപ്പെട്ട കുട്ടികളെയും മാതാപിതാക്കളോ ബന്ധുക്കളോ നിയമപരമായി വിട്ടുകൊടുത്ത കുട്ടികളെയുമാണ് നിയമനടപടികള്‍ക്കുശേഷം ദത്തുനല്‍കാന്‍ കഴിയുക. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതിനു സമാനമായ സാഹചര്യങ്ങളില്‍ കഴിയുന്ന നൂറുകണക്കിന് കുട്ടികളുണ്ട്. ബന്ധുക്കളാരും അന്വേഷിച്ചെത്താനില്ലാത്ത ഇവരെക്കൂടി ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി സനാഥരാക്കുന്നതില് വീഴ്ചയുണ്ടെന്നാണ് ദമ്പതികള്‍ പറയുന്നത്.