പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ചിത്രം ആടുജീവിതം പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവൽ വെള്ളിത്തിരയിലെത്തുന്നതുകാണാൻ അക്ഷമരായി കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ആടുജീവിതത്തിനായി ഏപ്രിൽവരെ കാത്തിരിക്കേണ്ട.
ഈ വർഷം ഏപ്രിൽ പത്തിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ആടുജീവിതം മാർച്ചിൽ എത്തുമെന്നാണ് നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 28-ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അവർ പുറത്തിറക്കിയിട്ടുണ്ട്. ‘വായനയുടെ 16 വർഷങ്ങൾ, ദൃശ്യഭാഷയ്ക്ക് 10 വർഷങ്ങൾ, 6 വർഷം നീണ്ട ചിത്രീകരണം. കാത്തിരിപ്പിന് നീളം കുറയുന്നു. മാർച്ച് 28-ന് ലോകമെമ്പാടും തിയേറ്ററുകളിൽ’ എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.