കടുത്തുരുത്തി: ലോകത്തിലെ ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കായ ആയാംകുടിയിലെ മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌ക്കാരം. കാര്‍ഷിക മേഖലയിലെ മികച്ച സംഭാവനകള്‍ക്കാണ് അവാര്‍ഡ്. 28 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ന്യൂഡല്‍ഹി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പുസ കൃഷി വിജ്ഞാന്‍ മേള 2024 ല്‍ വച്ചു പുരസ്‌ക്കാരം സമ്മാനിക്കും. കുര്യന്റെ ഒന്നര പതിറ്റാണ്ടിലേറേയായുള്ള കഠിന പ്രയത്‌നത്തിന്റെ സൃഷ്ടിയാണ് മാംഗോ മെഡോസെന്ന ലോകാത്ഭുതം. ഇന്ത്യയിലെ കാര്‍ഷിക ഗവേഷണ സ്ഥാപനമാണ് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ). 1905 മുതല്‍ ബീഹാറിലെ പുസ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ സ്ഥാപനമാണ്
ഐഎആര്‍ഐ. രാജ്യത്തെ ഉന്നത കാര്‍ഷിക പുരസ്‌ക്കാരങ്ങളിലൊന്നായ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡിന് കേരളത്തില്‍ നിന്നും അര്‍ഹത നേടിയ ഏക വ്യക്തിയാണ് എന്‍.കെ കുര്യന്‍. എന്‍.കെ. കുര്യന്റെ ഉടമസ്ഥതയില്‍ കടുത്തുരുത്തി പഞ്ചായത്തിലെ ആയാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന മാംഗോ മെഡോസ് 30 ഏക്കറോളം സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. മാംഗോ മെഡോസില്‍ 4500 ഓളം ഇനങ്ങളില്‍പെട്ട ഔഷധചെടികളും വൃക്ഷങ്ങളും സസ്യലതാദികളും പൂക്കളും എന്നിങ്ങനെ വിലമതിക്കാനാവാത്ത സൃഷ്ടിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
2004 ല്‍ ആണ് കുര്യന്‍ മോംഗോ മെഡോസിന്റെ നിര്‍മാണം ആരംഭിച്ചതെങ്കിലും 2016 ലാണ് പാര്‍ക്ക് കാഴ്ച്ചക്കാര്‍ക്കായി തുറന്ന് കൊടുക്കുന്നത്. ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ്, യൂആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ദീപിക എകസ്‌ലന്‍സ് അവാര്‍ഡ്, വനമിത്ര അവാര്‍ഡ്, നാഗാര്‍ജുന അവാര്‍ഡ്, ആത്മ ബെസ്റ്റ് അഗ്രികള്‍ച്ചറല്‍ അവാര്‍ഡ്, സ്റ്റാര്‍ ഓഫ് ഏഷ്യ, യു പി വേര്‍ഡ്‌സ് അവാര്‍ഡ്, യുഎസ്എ ഗാര്‍ഷോം ഇന്റര്‍ നാഷണല്‍ അവാര്‍ഡ് ദുബായ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എന്‍.കെ. കുര്യന് ലഭിച്ചിട്ടുണ്ട്.