കൊച്ചി; മിഷന്‍ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കുന്നതില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇതിനായി കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ യോജിച്ച് തീരുമാനമെടുക്കണം. അതിനായി ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേരണമെന്നും കോടതി നിര്‍ദേശിച്ചു.
വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞദിവസം ഈ വിഷയം പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. മിഷന്‍ ബേലൂര്‍ മഖ്‌ന അനന്തമായി നീണ്ടുപോകുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
വയനാട്ടിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാല്‍ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടി വെക്കാവുന്നതാണ്.
ഉള്‍ക്കാട്ടിലേക്ക് കടന്ന് ആനയെ മയക്കുവെടി വെക്കാന്‍ നിയമം അനുവദിക്കുന്നില്ല. ആനയെ വെടിവെച്ചുകൊല്ലാന്‍ കലക്ടര്‍ക്ക് ഉത്തരവ് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.