മലയാളത്തിലെ തങ്ങളുടെ ആദ്യ ഒറിജിനല്‍ സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ രണ്ടാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ആദ്യ സീസണിന്‍റെ പേര് ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നായിരുന്നു. ഒരു ലോഡ്ജിലെ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തോടുകൂടിയാണ് സീസൺ 1 ന്റെ കഥ ആരംഭിച്ചത്. ലോഡ്ജിലെ രജിസ്റ്റർ ബുക്കിൽ നിന്നും ലഭിക്കുന്ന ഷിജു, പാറയിൽ വീട്, നീണ്ടകര എന്ന സൂചനയിൽ നിന്നും കൊലപാതകിയെ കണ്ടുപിടിക്കുന്നതാണ് സീസൺ 1. 
അതേസമയം തിരക്കഥാകൃത്ത് ബാഹുൽ രമേശ് ആണ് കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസും സംഗീതം ഹിഷാം അബ്ദുൽ വഹാബുമാണ്. മങ്കി ബിസിനസ് സിനിമാസ് നിർമിക്കുന്ന ഈ സീസൺ ഒരു പുതിയ കേസ് അവതരിപ്പിക്കുകയും  പ്രേക്ഷകരെ  നിഗൂഢതയുടെയും സസ്പെന്സിന്റെയും മറ്റൊരു ആവേശകരമായ ലോകത്തേക്ക് കൊണ്ടുപോകുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ലെന്ന് അണിയറക്കാര്‍ പറയുന്നു.
അതേസമയം കേരള ക്രൈം ഫയല്‍സ് കൂടാതെ മറ്റ് രണ്ട് സിരീസുകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയായിരുന്നു അത്. ഇവ രണ്ടും പ്രേക്ഷകശ്രദ്ധ നേടിയ സിരീസുകളായിരുന്നു. പേരില്ലൂർ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച സിരീസ് ആയിരുന്ന പേരില്ലൂർ പ്രീമിയർ ലീഗ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്‍ഗീസ് തുടങ്ങി നിരവധി ജനപ്രിയ താരങ്ങൾ ഈ സിരീസിൽ അണിനിരക്കുന്നു.  

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed