വടകര: മണിയൂര്‍ പഞ്ചായത്തിലെ പാലയാട് തീരദേശ റോഡിനോട് ചേര്‍ന്ന് പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
വല പോലെയുള്ള വസ്തുവില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണുള്ളത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എങ്ങനെയാണ് ഇത് ഇവിടെ എത്തിയതെന്ന് വ്യക്തമല്ല.
വേലിയേറ്റ സമയത്ത് പുഴയില്‍ നിന്ന് കരക്കടിഞ്ഞതാകാമെന്നാണ് സംശയം. ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവയ്ക്ക് കാലപ്പഴക്കമുള്ളതായും പോലീസ് പറയുന്നു. പ്രായവും പുരുഷനാണോ സ്ത്രീയാണോ എന്നതും ഫോറന്‍സിക് പരിശോധനയിലേ വ്യക്തമാകൂ. ഈ പ്രദേശത്ത് നിന്ന് കാണാതായവരെക്കുറിച്ച് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.