ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും രാത്രിയില്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്ന ഗുലാം നബി ആസാദിന്റെ ആരോപണം തള്ളി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള.
മോദിയെയോ അമിത് ഷായെയോ കാണണമെങ്കില്‍ പകല്‍ കാണും. രാത്രി എന്തിന് അവരെ കാണണം. എന്താണ് അദ്ദേഹം ചിന്തിച്ചത്..? ഫാറൂഖ് അബ്ദുള്ളയെ അപകീര്‍ത്തിപ്പെടുത്താനാണോ ഉദ്ദേശിച്ചത്?, ഫാറൂഖ് അബ്ദുള്ള ചോദിച്ചു.
‘ആരും രാജ്യസഭാ സീറ്റ് നല്‍കാന്‍ ആഗ്രഹിക്കാത്തപ്പോള്‍, അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഞാനാണ് … എന്നാല്‍ ഇന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു, പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും വസതിയില്‍ ഇരിക്കുന്ന തന്റെ ഏജന്റുമാരുടെ പേരുകള്‍ അദ്ദേഹം പറയണം.
സത്യം മനസ്സിലാക്കാന്‍ കഴിയുന്നതിന് അദ്ദേഹം ജനങ്ങളോട് എല്ലാം പറയണം,’ ഫാറൂഖ് അബ്ദുള്ള കുട്ടിച്ചേര്‍ത്തു.
നാഷണല്‍ കോണ്‍ഫറന്‍സിനെ നയിക്കുന്ന ഫാറൂഖ് അബ്ദുള്ളയും മകന്‍ ഒമറും 2014-ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തിയെന്നായിരുന്നു ഗുലാം നബി ആസാദ് ആരോപിച്ചത്. അച്ഛനും മകനും ചേര്‍ന്ന് ഡബിള്‍ ഗെയിം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാറൂഖ് അബ്ദുള്ള ഭാവിയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ചേരുമെന്നും അദ്ദേഹം സൂചന നല്‍കി. എന്നാലിത് പിന്നീട് ഒമര്‍ അബ്ദുള്ള നിഷേധിച്ചു. ഫാറൂഖ് അബ്ദുള്ളയ്ക്ക് നാക്ക് പിഴച്ചതല്ലെന്നും സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും തൃപ്തിപ്പെടുത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്നും ആസാദ് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് തൊട്ടുമുമ്പ്, 2019 ഓഗസ്റ്റ് 3-ന് ഇരുവരും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം.