കോഴിക്കോട്: ഹൈക്കോടതി വിധിയോടെ ലോകസഭാ തെരഞ്ഞെടുപ്പിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും ചർച്ചയാകും. കൊന്ന് തളളിയിട്ടും അദൃശ്യ സാന്നിധ്യമായി പോരാട്ടം തുടരുന്ന ടി.പിയുടെ കേസ് വടകര, കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ എങ്കിലും സി.പി.എമ്മിന് തലവേദനയാകും.വടക്കൻ കേരളത്തിലെ പാർട്ടിയുടെ ജനകീയ മുഖമായ കെ.കെ. ശൈലജയെ ഇറക്കി വടകര തിരിച്ചുപിടിക്കാൻ പദ്ധതിയിടുമ്പോഴാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിടുന്നത്.
വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ച 12 പ്രതികളുടെ വിധിയും ശരിവെച്ച ഹൈക്കോടതി രണ്ട് സി.പി.എം നേതാക്കളെ വിട്ടയച്ച നടപടി റദ്ദാക്കുകയും ചെയ്തതിലൂടെ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നിലെ ആസൂത്രകർ വീണ്ടും പൊതുസമൂഹത്തിൻെറ ചർച്ചയിലേക്ക് വന്നിരിക്കുന്നു. സി.പി.എം വടകര കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണൻ, പാനൂർ കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി അംഗം ജ്യോതിബാബു എന്നിവരെ വിട്ടയച്ച നടപടിയാണ് കോടതി റദ്ദാക്കിയത്.
ടി.പിയെ കൊല്ലിച്ചവർ ഇനിയും ശിക്ഷിക്കപ്പെടാനുണ്ടെന്ന ഓർമ്മപ്പെടുത്തൽ പോലെ വന്ന കോടതി ഉത്തരവ് ലോകസഭാ തിരഞ്ഞെടുപ്പിൻെറ ജനവിധിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാകും.തെരഞ്ഞെടുപ്പ് തോൽവിയുടെ വൈരാഗ്യത്തിൽ നിന്നാണ് ടി.പിയെ കൊല്ലാനുളള നീക്കം ആരംഭിച്ചതെന്ന് ആരോപണമുണ്ട്. സി.പി.എം വിട്ട് ടി.പി. ചന്ദ്രശേഖരൻ ആർ.എം.പി രൂപീകരിച്ച 2009 മുതൽ വടകര സീറ്റ് സി.പി.എമ്മിന് ബാലികേറാമലയാണ്.
എ.എൻ.ഷംസീറും പി.ജയരാജനും എല്ലാം പതിനെട്ട് അടവും പയറ്റി നോക്കിയെങ്കിലും ടി.പി.ചന്ദ്രശേഖരനെ ഒരു വികാരവും നോവുമായി നെഞ്ചേറ്റുന്ന വടകരക്കാർ പരാജയപ്പെടുത്തി കളഞ്ഞു.ഇപ്പോൾ ജനകീയ പ്രതിഛായയുളള കെ.കെ.ശൈലജയെ രംഗത്തിറക്കി വടകര തിരിച്ചുപിടിക്കാൻ തയാറെടുക്കുമ്പോഴും ടി.പി ഒരു നിശബ്ദ ശക്തിയായി ഉയർന്നു വരുന്നത് സി.പി.എമ്മിൻെറ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തും.
ഏത് വിഷയമാണോ തെരഞ്ഞെടുപ്പിൽ സി.പി.എം ചർച്ചാവിഷയമാക്കാൻ ആഗ്രഹിക്കാത്തത് അതുതന്നെ തിരഞ്ഞെടുപ്പിൻെറ മധ്യത്തിലേക്ക് വന്നുവീണ അവസ്ഥയാണ് ഹൈക്കോടതി ഉത്തരവിലൂടെ സംജാതമായത്.അക്രമ രാഷ്ട്രീയത്തെപ്പറ്റിയുളള ചർച്ച വോട്ടർമാർക്കിടയിൽ ഉയർത്തി വിടാൻ പാകത്തിലുളളതാണ് കോടതി നിരീക്ഷണങ്ങൾ. ടി.പി.ചന്ദ്രശേഖരൻ പുതിയ പാർട്ടി ഉണ്ടാക്കിയതും വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചതും സി.പി.എം പ്രവർത്തകരുടെ ശത്രുതയ്ക്ക് കാരണമായതെന്ന വിചാരക്കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതിയും ശരി വെയ്ക്കുന്നുണ്ട്. വിചാരണക്കോടതി ശിക്ഷിച്ച 12 പ്രതികളുടെയും അപ്പീൽ റദ്ദാക്കിയ ഹൈക്കോടതി ശിക്ഷ കൂട്ടണോയെന്ന് വാദം കേൾക്കാൻ ഈമാസം 26ന് വീണ്ടും വാദം കേൾക്കും. അപ്പോൾ ഒരു കാര്യം ഉറപ്പ് , തിങ്കളാഴ്ചത്തെ ഉത്തരവിൻെറ ബാക്കി ഇനിയും വരാനിരിക്കുന്നേയുളളു. പൊതുസമൂഹത്തിലെ ചർച്ചകളിൽ കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിലനിർത്താൻ അത് പര്യാപ്തമാണ്.
ടി.പി. വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന വിശദീകരണം ഇക്കുറിയും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഇടത് നേതാക്കൾ ആവർത്തിക്കേണ്ടി വരും. എന്നാൽ ശിക്ഷ ശരിവെച്ചതും നേരത്തെ വിട്ടയച്ച രണ്ട് പ്രതികൾ കൂടി ശിക്ഷിക്കപ്പെടാൻ പോകുന്നതും ഇത്തരം അവകാശവാദങ്ങളുടെ കാറ്റൂരിവിടാൻ പോന്നതാണ്.
കാരണം ശിക്ഷിക്കപ്പെടാൻ പോകുന്ന കെ.കെ.കൃഷ്ണനും ജ്യോതിബാബുവും സി.പി.എമ്മിൻെറ ലോക്കൽകമ്മിറ്റി അംഗങ്ങളാണ്. ഭാരവാഹിത്വത്തിൽ ഉളളവർ ശിക്ഷിക്കപ്പെടാൻ പോകമ്പോൾ പാർട്ടിക്ക് പങ്കില്ലെന്ന ദുർബല പ്രതിരോധം കാര്യമായി ഏശാൻ പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വിധിക്ക് പിന്നാലെ ടി.പിയുടെ വിധവ കെ.കെ.രമ എം.എൽ.എ ഫേസ് ബുക്കിൽ ഇട്ട കുറിപ്പ് ഇങ്ങനെയാണ്. ”വീണതല്ലവൻ വീണ്ടുമുയിർക്കുവാൻ വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവൻ”. കെ.മുരളീധരൻ്റെയും കെ.കെ.ശൈലജയുടെയും ജനകീയ സ്വീകാര്യത വടകരയിൽ ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ ടി.പി.യെന്ന നിശബ്ദ സാന്നിധ്യം ഇത്തവണയും വോട്ടർമാരെ സ്വാധീനിക്കുമെന്നുറപ്പാണ്.