ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ മിനിമം താങ്ങുവില (എംഎസ്പി) കരാര്‍ വാഗ്ദാനം നിരസിച്ച് സംയുക്ത് കിസാന്‍ മോര്‍ച്ച (എസ്‌കെഎം). നേരത്തെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള നാലാം വട്ട ചര്‍ച്ച ഞായറാഴ്ച രാത്രി അവസാനിച്ചിരുന്നു. തുടര്‍ന്നാണ് എംഎസ്പി കരാര്‍ വാഗ്ദാനം എസ്‌കെഎം നിരസിച്ചത്. ‘ദില്ലി ചലോ’ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നവരുമായി നേരിട്ട് ബന്ധമില്ലാത കര്‍ഷക സംഘടനയാണ് എസ്‌കെഎം.
കർഷകരിൽ നിന്ന് കുറഞ്ഞ താങ്ങുവിലയ്ക്ക് പയർ, ചോളം, പരുത്തി വിളകൾ എന്നിവ വാങ്ങുന്നതിനുള്ള പഞ്ചവത്സര പദ്ധതി മന്ത്രിതല സംഘം നിര്‍ദ്ദേശിച്ചതായി ഞായറാഴ്ച രാത്രി കർഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. കൃഷി, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റ് മന്ത്രിമാര്‍.
എന്നാല്‍ കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ വഴിതിരിച്ചുവിടാനുള്ള നീക്കമാണ് ഇതെന്നായിരുന്നു സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ വിമര്‍ശനം. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപി പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌തിട്ടുള്ള എല്ലാ വിളകളും ഉറപ്പുനൽകിയ സംഭരണത്തോടെ വാങ്ങണം എന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സംഘടന വ്യക്തമാക്കി.
സംഭരണം സി2+50% (C2+50%) എന്ന സ്വാമിനാഥന്‍ കമ്മീഷന്റെ ഫോര്‍മുല അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും, അല്ലാതെ നിലവിലുള്ള എ2+എഫ്എല്‍+50% (A2+FL+50%)പ്രകാരമായിരിക്കരുതെന്നും എസ്‌കെഎം വ്യക്തമാക്കി.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ തങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും, അതിനുശേഷം ഭാവി നടപടി തീരുമാനിക്കുമെന്നും ഞായറാഴ്ച രാത്രി മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു. എംഎസ്പി നിയമം, സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നതായി കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചൂണ്ടിക്കാട്ടി.
“ഫെബ്രുവരി 19-20 തീയതികളിൽ ഞങ്ങൾ ഞങ്ങളുടെ ഫോറങ്ങളിൽ ചർച്ച ചെയ്യുകയും അതിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കുകയും അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും,” മറ്റൊരു കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കർഷകരുടെ പ്രതിഷേധത്തിനിടയിലാണ് യോഗം നടന്നത്.