തൃശൂര്‍: ചാലക്കുടി തച്ചുടപറമ്പില്‍ ഭാര്യയുടെ വീടിന് ഭര്‍ത്താവ് തീയിട്ടു. തച്ചുടപറമ്പ് സ്വദേശി ബാലകൃഷ്ണന്റെ വീടിനാണ് മരുമകന്‍ ലിജോ തീയിട്ടത്. മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. 
സംഭവശേഷം ലിജോ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി. ഇവര്‍ തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. ദമ്പതികളുടെ മക്കള്‍ രണ്ട് പേരും ലിജോയ്ക്ക് ഒപ്പമാണ് താമസം. ഇന്ന് വൈകിട്ട് സ്‌കൂട്ടറില്‍ ഭാര്യ വീട്ടിലെത്തിയ ലിജോ വീടിന് തീയിടുകയായിരുന്നു എന്ന് ബാലകൃഷ്ണനും ഭാര്യയും പറഞ്ഞു. 
ചാലക്കുടിയില്‍ ഫോട്ടോഗ്രാഫറാണ് ലിജോ. ബാലകൃഷ്ണന്റെ മൂന്നാമത്തെ മകളുടെ ഭര്‍ത്താവാണ് ലിജോ പോള്‍. ഇദ്ദേഹവും ഭാര്യയും തമ്മില്‍ ഏറെക്കാലമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ലിജോ പോള്‍ മകളെ ഉപദ്രവിച്ചിരുന്നെന്നും സംഭവം പോലീസ് ഇടപെട്ട് രമ്യതയില്‍ പരിഹരിച്ചതാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഇവര്‍ തുടര്‍ന്ന് കൗണ്‍സിലിംഗ് തേടിയെങ്കിലും ലിജോ ഉപദ്രവിക്കുന്നത് തുടര്‍ന്നതിനാല്‍ മകളെ സഹോദരങ്ങള്‍ ചേര്‍ന്ന് ദുബൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മക്കളെ രണ്ട് പേരെയും ലിജോ പോളിന് ഒപ്പമാണ് താമസിപ്പിച്ചിരുന്നത്. കുറച്ച് ദിവസമായി ലിജോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ലിജോ പോള്‍ തച്ചുടപ്പറമ്പിലെ വീട്ടിലെത്തിയത്. ഈ സമയത്ത് ബാലകൃഷ്ണന്‍ വീട്ടിലെ പൂന്തോട്ടത്തില്‍ ചെടി നനയ്ക്കുകയായിരുന്നു. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ലിജോ വീടിന് തീയിടുകയുമായിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *