മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വന്‍കുടലിന്റെ അവസാന ഭാഗങ്ങളായ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. പല കാരണങ്ങള്‍ കൊണ്ടും കോളൻ ക്യാൻസർ വരാം. ജീവിതശൈലിയിലെ മാറ്റങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്കരിച്ച മാംസവിഭവങ്ങള്‍, മറ്റ് ഫാസ്റ്റ് ഫുഡ് അല്ലെങ്കില്‍ ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന്‍റെ സാധ്യതകള കൂട്ടാം.
ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ വച്ച് കണ്ടെത്തി കഴിഞ്ഞാല്‍ 90 ശതമാനത്തിന് മുകളിലുള്ള കേസുകളില്‍ കോളോറെക്ടല്‍ അര്‍ബുദം ചികിത്സിച്ച് മാറ്റാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇവ പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണരഹിതമായിരിക്കും. ക്യാൻസർ ഒരു നിശ്ചിത വലുപ്പത്തിലേക്ക് വളരുകയോ വൻകുടലിനുള്ളിൽ ഒരു പ്രത്യേക സ്ഥലത്ത് എത്തുകയോ ചെയ്താൽ മാത്രമേ ലക്ഷണങ്ങൾ പ്രകടമാകൂ.
മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ ആണ് മലാശയ അര്‍ബുദത്തിന്‍റെ ഒരു പ്രധാന ലക്ഷണം. അതിനാല്‍ വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റം ശ്രദ്ധിക്കാതെ പോകരുത്. വയറിളക്കം, മലബന്ധം, മലാശയ രക്തസ്രാവം അല്ലെങ്കിൽ മലത്തിൽ രക്തം പോവുക, മലത്തിന്‍റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുക, ഗ്യാസ്, മറ്റ് ദഹന പ്രശ്നങ്ങള്‍, വയറു വേദന തുടങ്ങിയവയൊക്കെ കോളോറെക്ടല്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. വിളര്‍ച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തലച്ചുറ്റല്‍ തുടങ്ങിയവയൊക്കെ പല രോഗങ്ങളുടെയും ലക്ഷണങ്ങളാണെങ്കിലും മലാശയ അര്‍ബുദത്തിന്‍റെ സൂചനകളായും ഇവ കാണപ്പെടാം.