പാലക്കാട്: ഷൊർണൂരിലെ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ അമ്മ ശില്പയെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കരയില്‍ വച്ചാണ് ഒന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിനെ കൊല്ലുമെന്ന് പലസമയങ്ങളിലായി ശില്‍പ പങ്കാളിക്ക് മെസേജ് അയച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പങ്കാളിയുമായുള്ള തര്‍ക്കമാണ് കൊലപാതക കാരണം. കോട്ടയം സ്വദേശിയാണ് കുഞ്ഞിന്റെ അമ്മ ശില്പ.
ഇന്നലെ രാവിലെയാണ് പാലക്കാട് ഷൊർണൂരിൽ പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിൽ കൊണ്ടുവന്നത്. ഹൃദയ സ്തംഭനം കാരണമാണ് കുഞ്ഞ് മരിച്ചതെന്നാണ് ഇന്നലെ പൊലീസ് അറിയിച്ചിരുന്നത്.
സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ നിരപരാധിയാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ് ചോദ്യം ചെയ്തത്. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു.