തിരുവനന്തപുരം: തിരുവനന്തപുരം പേട്ട ഓള്‍ സെയിന്റ്‌സ് കോളജിന് സമീപത്തു നിന്നും കാണാതായ രണ്ടു വയസ്സുള്ള കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്.
കുട്ടിയെ കാണാതായതിന് സമീപത്തുള്ള പൊന്തക്കാടുകളും ചതുപ്പുകളുമെല്ലാം പൊലീസ് അരിച്ചുപെറുക്കി. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രി 12 നും ഒരു മണിക്കും ഇടയിലാണ് കുട്ടിയെ കാണാതായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി എന്നാണ് കാണാതായ കുട്ടിയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഏറ്റെടുത്തു. കുട്ടിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കുട്ടിയെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്. നാടോടികളായ ബിഹാര്‍ സ്വദേശികളുടെ കുട്ടിയെയാണ് കാണാതായത്.