കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെ കെ രമ എംഎൽഎ സമർപ്പിച്ച അപ്പീലും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാർ അപ്പീലും കോടതിയുടെ പരിഗണനയിലാണ്. എത്ര പ്രതികളുണ്ടെന്ന് എഫ്ഐആറിൽ കൃത്യമായി പറയുന്നില്ലെന്നും പലരെയും കേസിൽ പ്രതി ചേർത്തത് വ്യാജ തെളിവുകളുണ്ടാക്കിയിട്ടാണ് എന്നുമാണ് പ്രതികളുടെ വാദം.
അതേസമയം കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് കെ കെ രമ വാദിക്കുന്നു. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സർക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്‌ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.