അധികപേരെയും ബാധിക്കുന്നത് ടൈപ്പ് 2 പ്രമേഹമാണ്. ഇത് നമുക്ക് പൂര്‍ണമായും ഭേദപ്പെടുത്താൻ സാധിക്കില്ല. മറിച്ച് ജീവിതരീതികളിലൂടെ നിയന്ത്രിച്ച് മുന്നോട്ട് പോകാനേ സാധിക്കൂ. ജീവിതരീതികള്‍ എന്ന് പറയുമ്പോള്‍ കാര്യമായും ഭക്ഷണം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇതിനായി ചില ഭക്ഷണങ്ങളെല്ലാം ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടി വരാം. ചിലതെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇത്തരത്തില്‍ പ്രമേഹരോഗികള്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രത്യേകമായവ ഒന്നുമല്ല, നമ്മള്‍ സാധാരണ നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ തന്നെ. എങ്കിലും ഇവ ചിലരെങ്കിലും ഒഴിവാക്കുകയോ, അല്ലെങ്കില്‍ ശ്രദ്ധിക്കാതെ വിട്ടുപോവുകയോ ചെയ്യാമല്ലോ. 
ഇഞ്ചി നമ്മള്‍ മിക്ക കറികളിലും ചേര്‍ക്കാറുണ്ട്. എങ്കിലും ഇഞ്ചി ചായ, ജ്യൂസുകളില്‍ ചേര്‍ത്ത് കഴിക്കുന്നതൊക്കെയാണ് കുറെക്കൂടി നല്ലത്. ഏതായാലും പ്രമേഹരോഗികള്‍ ഇഞ്ചി ഒഴിവാക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കുക. കാരണം ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകാരം ഇഞ്ചി നമ്മുടെ ഷുഗര്‍നില താഴ്ത്താൻ സഹായിക്കും. ഇഞ്ചിയിലടങ്ങിയിട്ടുള്ള ‘ജിഞ്ചറോള്‍’ എന്ന കോമ്പൗണ്ടാണ് ഇതിന് സഹായിക്കുന്നത്. ഇഞ്ചി പോലെ തന്നെ വെളുത്തുള്ളിയും പ്രമേഹരോഗികള്‍ ഒഴിവാക്കരുത്. ഇതും ഷുഗറും കൊളസ്ട്രോളുമെല്ലാം കുറയ്ക്കുന്നതിന് സഹായകമാണ്. വെളുത്തുള്ളിയിലുള്ള ‘അലിസിൻ’ എന്ന കോമ്പൗണ്ടാണ് ഇതിന് സഹായിക്കുന്നത്. 
സാധാരണ നമ്മളുപയോഗിക്കുന്ന സ്പൈസുകളിലൊന്നാണ് കറുവപ്പട്ട. ഇതും പ്രമേഹമുള്ളവര്‍ക്ക് നല്ലതാണത്രേ. പ്രമേഹരോഗികള്‍ക്ക് മധുരത്തിന് പകരം കറുവപ്പട്ട ഉപയോഗിക്കാമെന്നതാണ് ഒരു മെച്ചം. മാത്രമല്ല ഇത് പ്രമേഹത്തിന് ആശ്വാസം നല്‍കാനും സഹായകമാണെന്നാണ് ചില പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഗ്രാമ്പൂവും ഇതുപോലെ പ്രമേഹരോഗികള്‍ ഉപേക്ഷിച്ചുകൂടാത്തൊരു സ്പൈസ് ആണ്. ഇത് ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനത്തെ സ്വാധീനിക്കുകയും ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 
പ്രമേഹം കുറയ്ക്കാൻ ഡയറ്റിലുള്‍പ്പെടുത്താവുന്ന മറ്റൊന്ന് ഉലുവയാണ്. ഇതിലെ ഫൈബറാണത്രേ ഷുഗര്‍ നില നിയന്ത്രിക്കുന്നതിന് വളരെയധികം സഹായകമാകുന്നത്. പലവിധ ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് മഞ്ഞളെന്ന് നമുക്കറിയാം. ഷുഗര്‍ നിയന്ത്രണത്തിനും മഞ്ഞള്‍ സഹായകമാണ്. ഇൻസുലിൻ ഹോര്‍മോണ്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനും മറ്റും മഞ്ഞള്‍ സഹായിക്കുന്നു. മഞ്ഞളിലെ ‘കുര്‍ക്കുമിൻ’ എന്ന ഘടകമാണ് ഇതിനെല്ലാം സഹായിക്കുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *