മാനന്തവാടി: വയനാട് ജനത നേരിടുന്നത് ഗുരുതര പ്രശ്‌നമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് ഇരകളുടെ കുടുംബത്തെ കാണാനെത്തിയത്. അവരുമായും അധികൃതരുമായും സംസാരിച്ചു.
ഫലപ്രദമായ രീതിയില്‍ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈകുന്നത് ശരിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
വന്യമൃഗ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉണ്ട്. ഒരു ടീം മതിയാവില്ല. ആര്‍ആര്‍ടി സംഘത്തിന്റെ എണ്ണം കൂട്ടാനും അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കാനും നിര്‍ദേശിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജില്ലയില്‍ മെഡിക്കല്‍ കോളേജ് ഇല്ലായെന്നത് ഗുരുതരമായ പ്രശ്‌നമാണ്. മന്ത്രാലയവുമായി സംസാരിച്ചെങ്കിലും എന്തുകൊണ്ടാണ് വൈകുന്നതെന്ന് തനിക്ക് മനസ്സിലായില്ല. അത്ര സങ്കീര്‍ണ്ണമായ കാര്യമല്ല. ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും മെഡിക്കല്‍ കോളേജ് സജ്ജമാക്കാത്തത് ഗുരുതര വിഷയമാണ്.
ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നുവെന്നും രാഹുല്‍ സൂചിപ്പിച്ചു.ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു. ഒരു രാഷ്ട്രീയയോഗത്തിനല്ല വന്നത്. വയനാട് അഭിമുഖീകരിക്കുന്നത് ഗുരുതര പ്രശ്‌നമായതുകൊണ്ടാണ് സന്ദര്‍ശിച്ചത്.
അധികൃതര്‍ക്ക് ഇതിന്റെ ഗൗരവം മനസ്സിലായെന്ന് വിചാരിക്കുന്നു. സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്തിരുന്നെങ്കില്‍ തനിക്ക് ഇതൊന്നും പറയേണ്ടി വരില്ലായിരുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അംഗങ്ങളെ നഷ്ടമാവുകയാണ്. മുഖ്യമന്ത്രിയെ രാവിലെ വിളിച്ചിരുന്നു. പക്ഷേ ഫോണില്‍ കിട്ടിയില്ലെന്നും രാഹുല്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *