റഷ്യന്‍ പ്രതിപക്ഷ നേതാവായിരുന്ന ആലക്സി നവാല്‍നിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ അഭ്യൂഹങ്ങളും പരന്നിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്ശകന് ആയതിനാലും നവാല്‍നിയെ അപായപ്പെടുത്താന്‍ മുന്‍പ് പുടിന് ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാലും പെട്ടെന്നുള്ള ഈ മരണവും സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ട്. നവാല്‍നിയുടെ മരണത്തില്‍ അദ്ഭുതം തോന്നുന്നില്ലെന്നും എന്നാല്‍ രോഷം ഉണ്ടെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രതികരിച്ചത്.
അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ബൈഡന് നല്‍കിയിട്ടുണ്ട്. ‘പുടിന് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെയും മോശം കാര്യങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും ധൈര്യപൂര്‍വം പ്രതികരിച്ചു. എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയില്ല.
എന്നാല്‍ നവാല്‍നിയുടെ മരണം പുടിനും അദ്ദേഹത്തിന്റെ അനുയായികളും ചെയ്ത ഒന്നിന്റെ അന്തരഫലമാണ്. നവാല്‍നിയുടെ മരണത്തിന് പുടിനാണ് ഉത്തരവാദി’യെന്നും റഷ്യന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നവാല്‍നിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ വൈറ്റ്ഹൗസില്‍ ബൈഡന് പറഞ്ഞു.