ഇടുക്കി: പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയ പതിനാല് വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി അറസ്റ്റില്‍. തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി സെബാസ്റ്റ്യനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തൂത്തുക്കുടിയില്‍ വച്ചാണ് പ്രതി പിടിയിലായത്.
മൂന്നാറില്‍ ഏപ്രില്‍ മാസത്തിലാണ് സംഭവം. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാനാണ് ഇടുക്കി രാജാക്കാട് സ്വദേശിയായ പതിനാലുകാരന് കുടുംബത്തോടൊപ്പം എത്തിയത്. പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കാന് എത്തിത് തമിഴ്നാട് സ്വദേശിയായ പാസ്റ്ററായിരുന്നു. ഇദ്ദേഹത്തിന്റെ സഹായിയായാണ് സെബാസ്റ്റ്യന്‍ പ്രാര്‍ത്ഥനായോഗ സ്ഥലത്ത് എത്തിയത്. ഇവിടെവച്ച് കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്.
സംഭവത്തെത്തുടര്‍ന്ന് ഭയന്ന് കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിംഗ് നടത്തിയ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥനോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ വിവരം ചൈല്‍ഡ് ലൈന്‍ പോലീസിനെ അറിയിച്ചു.
കുട്ടിയുടെ മൊഴിയെടുത്ത പോലീസ് കേസില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.