ഡല്‍ഹി: ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ വിവാഹ റജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്താന്‍ പ്രത്യേക കോളം കൊണ്ടുവരാന്‍ ദേശീയ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. പാസ്‌പോര്‍ട്ട്‌സ് നിയമം (1967) ഭേദഗതി ചെയ്യാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ഋതുരാജ് അവസ്തി അധ്യക്ഷനായ സമിതി നിയമ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
വിവാഹിതരാണോ എന്നതു നിര്‍ബന്ധമായും പാസ്‌പോര്‍ട്ടില്‍ വ്യക്തമാക്കാനും പങ്കാളിയുടെ പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യാനും ശുപാര്‍ശകളിലുണ്ട്. വിവാഹം ഇന്ത്യയിലും റജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
എന്‍ആര്‍ഐകളും ഇന്ത്യന്‍ പൗരരും തമ്മിലുള്ള വിവാഹങ്ങളില്‍ തട്ടിപ്പു കൂടിവരുന്നതിലെ ആശങ്കയും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുന്നു. വിദേശ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ), വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ (ഒസിഐ), ഇന്ത്യന്‍ വംശജര്‍ (പിഐഒ) എന്നിവരും ഇന്ത്യന്‍ പൗരരും തമ്മിലുള്ള വിവാഹ കേസുകളിലെ പഴുതടയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണു നിര്‍ദേശം.
വിവാഹ റജിസ്‌ട്രേഷന്‍, വിവാഹമോചനം, പരിപാലന ചെലവ്, കുട്ടികളെ വിട്ടുകിട്ടല്‍ തുടങ്ങിയവ സംബന്ധിച്ച 2019 ലെ എന്‍ആര്‍ഐ ബില്ലില്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളും കമ്മിഷന്‍ നിര്‍ദേശിക്കുന്നു.
എന്‍ആര്‍ഐ വിവാഹ കാര്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിലോ വിദേശകാര്യ മന്ത്രാലയത്തിലോ പ്രത്യേക വിഭാഗം ആരംഭിക്കണം. പോര്‍ട്ടലിലടക്കം വിവരങ്ങള്‍ ലഭ്യമാക്കണം. എന്‍ആര്‍ഐ, ഒസിഐ വിവാഹ വ്യവഹാരങ്ങള്‍ പരിഗണിക്കാനുള്ള അധികാരം ഇന്ത്യന്‍ കോടതികള്‍ക്കുണ്ട്. എന്‍ആര്‍ഐ, ഒസിഐ എന്നിവരുമായുള്ള ഇന്ത്യന്‍ പൗരരുടെ വിവാഹം നിര്‍ബന്ധമായും ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യണം.

By admin

Leave a Reply

Your email address will not be published. Required fields are marked *