നിയമസഭാ കൈയ്യാങ്കളിക്കേസിൽ സർക്കാരിന് മുന്നിലുള്ളത് ഒറ്റവഴി, ഏതു വിധേനയും വിചാരണ നീട്ടുക. സർക്കാർ ഭയക്കുന്നത് 2 തിരിച്ചടികൾ. രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രി ശിവൻകുട്ടിക്കും കെ.ടി.ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടപ്പെടാം. ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവാം. കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയും പറഞ്ഞതോടെ, വിചാരണ നീട്ടാൻ തന്ത്രം മെനഞ്ഞ് സർക്കാർ

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ ഹർജി നൽകിയത് വിചാരണ നീട്ടുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടതോടെ, സർക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ മന്ത്രി വി.ശിവൻകുട്ടി പ്രതിയുമായ നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാണ് സർക്കാ‌ർ പയറ്റുക.
കേസിൽ അതിവേഗ വിചാരണ നടന്നാൽ രണ്ട് തിരിച്ചടികൾക്ക് സാദ്ധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു. ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും കെ.ടി.ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടപ്പെടാം. പുറമെ, ജനപ്രാതിനിധ്യ നിയമപ്രകാരം ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവാം. ഉടനടി ഇത്തരം തിരിച്ചടികളൊഴിവാക്കാൻ പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ വൈകിപ്പിക്കുകയാവും തന്ത്രം. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സി.ജെ.എം കോടതിയിൽ 2004മുതലുള്ള കേസുകൾ വിചാരണ കാത്തുകിടക്കുന്നുണ്ട്.
കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാനുള്ളതിനാൽ തുടരന്വേഷണത്തിന് സമയം വേണമെന്നും പുതിയ അനുബന്ധ കുറ്റപത്രം നൽകും വരെ വിചാരണ നിറുത്തിവയ്ക്കണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സജീവ് ഹർജി നൽകിയത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് ഹർജി പരിഗണിച്ചത്.
കേസിലെ പ്രതിയായ മുൻ എം.എൽ.എ കെ. അജിത് തുടരന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നെങ്കിലും, അന്വേഷണ സംഘം പലതവണ ആവശ്യപ്പെട്ടിട്ടും മൊഴി നൽകിയില്ലെന്ന് ഹർജിയിൽ പറയുന്നു. ബിജിമോളുടെയും ഗീതാഗോപിയുടെയും ആരോപണങ്ങളും അന്വേഷിക്കമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം. അന്നത്തെ സ്പീക്കറുടെയും വാച്ച് ആൻഡ് വാർഡിന്റെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തണം. മറ്റ് അനുബന്ധ കാര്യങ്ങളും അന്വേഷണ വിധേയമാക്കമണം- പോലീസിന്റെ ഹർജിയിൽ ആവശ്യപ്പെടുന്നു.
കേസ് പിൻവലിക്കാൻ സുപ്രീംകോടതി വരെ പോരാടി പരാജയപ്പെട്ട സർക്കാരാണ് ഇനി പ്രതികൾക്ക് ശിക്ഷയുറപ്പാക്കാൻ കേസ് നടത്തേണ്ടത്. ഒരേസമയം സർക്കാർ തന്നെ വാദിയും പ്രതിയുമാവുന്ന അപൂർവതയാണ് ഈ കേസിൽ. സർക്കാർ നിയമിച്ച പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബാലചന്ദ്രമേനോൻ മന്ത്രിക്ക് ശിക്ഷവാങ്ങിനൽകാൻ വാദിക്കേണ്ടിവരും. അന്നത്തെ നിയമസഭാസെക്രട്ടറി പി.ഡി.ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ്.ഐ.ആർ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്.
അന്നത്തെ സാമാജികരും വാച്ച് ആൻഡ് വാർഡും സാക്ഷികളാണ്. മന്ത്രിക്കും എം.എൽ.എയ്ക്കുമെതിരെ എത്ര പൊലീസുകാർ സാക്ഷിപറയുമെന്ന് കണ്ടറിയണം. അന്ന് സഭയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ലെന്നും കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് വിദൂര സാദ്ധ്യത മാത്രമാണുള്ളതെന്നും സുപ്രീംകോടതിയിൽ കേസ് പിൻവലിക്കാനുള്ള ഹർജിയിൽ സർക്കാ‌ർ വാദിച്ചിരുന്നു.
ലോകം മുഴുവൻ തത്സമയം കണ്ട ദൃശ്യങ്ങളാണ് ശക്തമായ ഡിജിറ്റൽ തെളിവ്. നിയമസഭാ സെക്രട്ടേറിയറ്റ് പകർത്തിയ ദൃശ്യങ്ങൾ തെളിവാകുമെന്ന് കോടതി ഉത്തരവിട്ടതോടെ, കേസിന്റെ ഭാവിയെക്കുറിച്ച് സർക്കാരിനും ആശങ്കയുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ എം.എൽ.എമാർ പ്രതികളായേക്കുമെന്ന സാഹചര്യവുമുണ്ട്. ഐ.പി.സി-109, സിആർപിസി-319 വകുപ്പുകൾ പ്രകാരം കൂടുതൽ പേരെ പ്രതികളാക്കാൻ വിചാരണകോടതിക്ക് അധികാരമുണ്ട്. ഇക്കാര്യമുന്നയിച്ച് ഏതൊരാൾക്കും കോടതിയെ സമീപിക്കാനുമാവും.
മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്ത്, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവരാണ് പ്രതികൾ. 2015 മാർച്ച് 13ന് ധനമന്ത്രി കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ആറ് പ്രതികളും സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്നെന്നാണ് കുറ്റപത്രത്തിലുള്ളത്. 5വർഷം വരെ തടവും പിഴയും കിട്ടാവുന്ന പൊതുമുതൽ നശീകരണം തടയൽ നിയമം അടക്കം വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *