ന്യൂദല്‍ഹി – വീല്‍ചെയറിന്റെ അഭാവത്തില്‍ ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്ന 80 കാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
1937ലെ എയര്‍ക്രാഫ്റ്റ് റൂള്‍സ് ലംഘിച്ച് എയര്‍ലൈന്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ഡിജിസിഎ നോട്ടീസില്‍ വ്യക്തമാക്കി. നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നല്‍കാന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്കും ചലനശേഷി കുറവുള്ളവര്‍ക്കും സഹായം നല്‍കുകയും പുറപ്പെടുന്ന വിമാനത്താവളത്തിന്റെ പുറപ്പെടല്‍ ടെര്‍മിനല്‍ മുതല്‍ വിമാനം വരെയും യാത്രയുടെ അവസാനത്തില്‍ വിമാനത്തില്‍ നിന്ന് അറൈവല്‍ ടെര്‍മിനല്‍ എക്‌സിറ്റ് വരെയും തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുകയും വേണമെന്നാണ നിയമം.
യാത്രയ്ക്കിടെ വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാര്‍ക്ക് മതിയായ എണ്ണം വീല്‍ചെയറുകള്‍ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ എല്ലാ എയര്‍ലൈനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതായും ഡിജിസിഎ വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വീല്‍ചെയര്‍ യാത്രക്കാരായി ബുക്ക് ചെയ്ത ഭാര്യയോടൊപ്പം വന്ന 80 വയസ്സുകാരന്‍ തിങ്കളാഴ്ച മുംബൈ എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ കൗണ്ടറില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
മരിച്ചയാള്‍ ഇന്ത്യന്‍ വംശജനും യുഎസ് പാസ്‌പോര്‍ട്ട് ഉടമയുമാണ്. എയര്‍ ഇന്ത്യയുടെ വീല്‍ചെയര്‍ സൗകര്യം അവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചക്ക് ന്യൂയോര്‍ക്കില്‍നിന്ന് പുറപ്പെട്ട മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എഐ116ലെ ഇക്കണോമി ക്ലാസിലാണ് ഗുജറാത്തി ദമ്പതികള്‍ ബുക്ക് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.10നാണ് വിമാനം മുംബൈയില്‍ ഇറങ്ങിയത്.
2024 February 16IndiaAir Indiatitle_en: Air India gets DGCA notice after 80-year-old flyer dies