ന്യൂഡല്‍ഹി: മദ്യനയത്തിലെ അഴിമതി ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി ആറാം തവണ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമയേം അവതരിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
പ്രമേയത്തെക്കുറിച്ചുള്ള ചർച്ചകൾ നാളെ നടക്കും. ഇ.ഡി മുമ്പ് അയച്ച അഞ്ച് നോട്ടീസുകള്‍ നിരാകരിച്ചത് എന്തുകൊണ്ടാണെന്ന് കെജ്‌രിവാള്‍ നാളെ തന്നെ കോടതിയില്‍ ഹാജരായി വ്യക്തമാക്കുമെന്നും സൂചനയുണ്ട്.
അറസ്റ്റിലാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ശക്തിപ്രകടനത്തിനാണ് കെജ്‌രിവാളിന്റെ നീക്കമെന്നാണ് സൂചന. ഡൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അവകാശപ്പെട്ട് ബിജെപി അംഗങ്ങൾ തങ്ങളെ സമീപിച്ചതായി രണ്ട് എഎപി എംഎൽഎമാർ തന്നോട് പറഞ്ഞതായി നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.
ബിജെപിയില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. 70 അംഗ നിയമസഭയിൽ ആം ആദ്മി പാർട്ടിക്ക് 62 എംഎൽഎമാരും ബിജെപിക്ക് എട്ട് എംഎൽഎമാരുമാണുള്ളത്.