തിരുവനന്തപുരം: വിട്ടുമാറാത്ത കഴുത്ത് വേദനയും കയ്യിലെ മരവിപ്പിനെയും തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 54 വയസ്സുകാരനില്‍ നൂതന ശസ്ത്രക്രിയ വിജയകരം. കഴുത്തിലെ ഡിസ്‌ക് തെന്നി കൈയിലെ ഞരമ്പുകളെ ഞെരുക്കുന്ന അവസ്ഥയില്‍ ചികിത്സ തേടിയ തിരുവനന്തപുരം സ്വദേശിയായ രോഗിയിലാണ് കിംസ്‌ഹെല്‍ത്തില്‍, ആധുനിക എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ കഴുത്തിലെ തെന്നി മാറിയ ഡിസ്‌ക് നീക്കം ചെയ്ത് രോഗാവസ്ഥ ഭേദമാക്കിയത്.
“കേരളത്തില്‍ ഇതാദ്യമായാണ് സെര്‍വിക്കല്‍ ഡിസ്‌ക് നീക്കം ചെയ്യുന്നതിനായി തുന്നല്‍ രഹിത ശസ്ത്രക്രിയാരീതി അവലംബിക്കുന്നത്. പരമ്പരാഗത സ്‌പൈനല്‍ ശസ്ത്രക്രിയാരീതികളെ മാറ്റിമറിക്കാനുതകുന്ന നൂതന രീതിയാണിത്,” – ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോസര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത് ആര്‍ പറഞ്ഞു.
കുറച്ചു മാസങ്ങളായി വേദന സംഹാരികളുടെ സഹായത്തില്‍ മുന്നോട്ട് പോകവേയാണ് അദ്ദേഹം ആശുപത്രി ഒപിയില്‍ ചികിത്സ തേടുന്നത്. എം.ആര്‍.ഐ സ്‌കാനില്‍ കഴുത്തിലെ ഡിസ്‌ക് തെന്നി മാറിയതായും അത് വലത് കൈയിലേക്കുള്ള ഞരമ്പ് ഞെരുക്കത്തിന് കാരണമാകുന്നതായും കണ്ടെത്തി. മിനിമലി ഇന്‍വേസീവ് രീതിയായ എന്‍ഡോസ്‌കോപ്പിക് സെര്‍വിക്കല്‍ ഡിസെക്ടമിയിലൂടെയാണ് തെന്നിമാറിയ ഡിസ്‌ക് നീക്കം ചെയ്തത്.
8 മില്ലിമീറ്റര്‍ മാത്രം വലുപ്പമുള്ള മുറിവിലൂടെ ക്യാമറ ഘടിപ്പിച്ച എന്‍ഡോസ്‌കോപ്പ് കടത്തിവിട്ട് തെന്നി മാറിയ ഡിസ്‌ക് കണ്ടെത്തി തള്ളി നില്‍ക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്ത് ഞരമ്പുകളെ പൂര്‍വസ്ഥിതിയിലാക്കുന്നതാണ് പ്രൊസീജിയർ. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിന്റെ പാടുകളൊന്നും തന്നെ അവശേഷിക്കാതെ 24 മണിക്കൂറുകൾക്കുള്ളിൽ രോഗിക്ക് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടാൻ സാധിക്കുമെന്നതാണ് ഈ ആധുനിക ചികിത്സാരീതിയുടെ പ്രധാന സവിശേഷത.
“ഇന്ത്യയിൽ ചുരുക്കം ചില ആശുപത്രികളിൽ മാത്രമേ ഈ ചികിത്സാമാർഗം നിലവിൽ ലഭ്യമായിട്ടുള്ളൂ. തെന്നിമാറിയ ഡിസ്കിനെ മാറ്റി ഇംപ്ലാന്റ് സ്ഥാപിക്കുന്ന പരമ്പരാഗത രീതികളെ അപേക്ഷിച്ച് രോഗിക്ക് വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുന്നു,” ഡോ. അജിത് ആർ കൂട്ടിച്ചേർത്തു. ന്യൂറോസര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. അബു മദന്‍, ഡോ നവാസ് എന്‍.എസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്‌തേഷ്യ വിഭാഗം കണ്‍സല്‍റട്ടന്റ് ഡോ. സുഷാന്ത് ബി എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായിരുന്നു.