തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടിൽ സർക്കാരിനെതിരേ അതിരൂക്ഷ വിമർശനങ്ങൾ. സാമ്പത്തിക ഉത്തരവാദിത്ത നിയമത്തിലോ ധനകാര്യ പദ്ധതിയിലോ നിർദ്ദേശിച്ചിട്ടുള്ള ലക്ഷ്യങ്ങളൊന്നും കേരളം നേടിയിട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
നിജപ്പെടുത്തിയ ധനകമ്മി ജി.എസ്.ഡി.പി അനുപാതം നാല് ശതമാനമായിരുന്നെങ്കിലും യഥാർത്ഥ അനുപാതം 5.10 ശതമാനമായിട്ടുണ്ട്. റവന്യൂ കമ്മി പൂർണമായി ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും 2020-21 വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ 2021- 22 വർഷത്തിൽ 14.36ശതമാനമായി കൂടി. റവന്യൂ കമ്മി നിലവിൽ 29,539.27 കോടിയാണ്. 
മൊത്തം കടത്തിന്റെ ജി.എസ്.ഡി.പിയുമായുള്ള ശതമാനം 2020-21ലെ 37.85 ശതമാനത്തിൽ നിന്ന് 38.01ശതമാനമായി കൂടി. കേന്ദ്ര സ‌‌ർക്കാരിൽ നിന്ന് ജി.എസ്.ടി നഷ്ടപരിഹാരത്തിന് പകരമായി കിട്ടിയ 14, 505 കോടിയുടെ ബാക്ക് ടു ബാക്ക് ലോൺ കടമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 5 വർഷത്തിലെ 40.50 ശതമാനം വളർച്ച രേഖപ്പെടുത്തി. 1,16,640 കോടിയായി വർദ്ധിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം 2017- 18ലെ 46,459 കോടിയിൽ നിന്ന് 2021-22ൽ 58,340 കോടിയായി കൂടി. എങ്കിലും റവന്യൂ വരുമാനത്തിന്റെ ശതമാനമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം 55.96 ശതമാനത്തിൽ നിന്ന് 50.02 ശതമാനമായി കുറഞ്ഞു.

സംസ്ഥാനത്തിന്റെ റവന്യൂ ചിലവ് 5 വ‌ർഷക്കാലത്തിനിടെ 46.26 ശതമാനം കൂടി. 146179.51 കോടിയാണ് റവന്യൂ ചെലവ്. ആകെ ചെലവിന്റെ ശതമാനകണക്കിൽ റവന്യൂ ചെലവ് 88.88 ശതമാനം മുതൽ 91.88 ശതമാനം വരെ മുന്നിട്ടുനിൽക്കുന്നു. ഇതേകാലളവിൽ വരുമാനത്തിന്റഎ 19.98 ശതമാനം സർക്കാർ ഉപയോഗിച്ചത് പലിശയ്ക്കായാണ് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
സംസ്ഥാനത്തിന്റെ മൂലധന ചെലവിൽ 62.21 ശതമാനം വള‌ർച്ചയുണ്ടായി. 14191.73 കോടിയാണ് ഈയിനത്തിലെ ചെലവ്. അഞ്ച് വർഷക്കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ ശരാശരി ആദായം 1.57 ശതമാനമാണ്. പക്ഷേ സർക്കാരെടുത്ത കടങ്ങൾക്ക് കൊടുത്ത ശരാശരി പലിശനിരക്ക് 7.3 ശതമാനമായിരുന്നു.
ബജറ്റിന് പുറത്തുള്ള ഓഫ് ബജറ്റ് കടമെടുപ്പ് ഇനത്തിൽ സംസ്ഥാന സർക്കാർ 15914.50 കോടി കടമെടുത്തു. സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനി വഴി 6550 കോടി, കിഫ്ബി വഴി 7762.78 കോടി എന്നിവ അടക്കമാണിത്. ബിൽ ഡിസ്കൗണ്ട് സംവിധാനത്തിലൂടെ കരാറുകാരുടെ ബില്ലുകൾ കൊടുക്കാൻ ഇറക്കിയ 1607 കോടിയുടെ കടപ്പത്രം തീർപ്പാക്കാതെ കിടക്കുന്നു. 2016 മുതൽ 21 വരെയുള്ള കാലത്ത് 29 ഗ്രാന്റുകളിലും 11 ധനവിനിയോഗങ്ങളിലുമായി 10277 കോടിയുടെ അധികചെലവുണ്ടായി. അപര്യാപതമായ ചെലവ് നിയന്ത്രണത്തിന്റെ സൂചനയാണിത്.

റവന്യൂ വകുപ്പിന്റെ നടപടികളിലും ഗുരുതര പ്രതിസന്ധിയുണ്ടെന്നാണ് സി.എ.ജി റിപ്പോ‌ർട്ടിലുള്ളത്. പതിച്ചുനൽകാവുന്ന സ്ഥലങ്ങളുടെ പട്ടിക ജില്ലകളിലില്ല. അർഹയില്ലാത്തവർക്ക് ഭൂമി പതിച്ചുനൽകി. വിപണി വില ഈടാക്കാതെ പതിവ് മുഖേന വിവിധ ഏജൻസികൾക്ക് ഭൂമി നൽകി. അത്തരം ഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിച്ചു.

എറണാകുളത്തും മൂവാറ്റുപുഴയിലും പുഴ പുറമ്പോക്ക് പോലും ക്രമരഹിതമായി പതിച്ചുനൽകി. പാട്ട കരാറും വാടക പുതുക്കലും കാലതാമസമുണ്ടാക്കിയതിലൂടെ സർക്കാരിന് നഷ്ടമുണ്ടായി. ഒരു വർഷത്തിലേറെ കാലാവധിയുള്ള എല്ലാ സ്ഥാവര വസ്തുക്കളുടെയും പാട്ടം നിർബന്ധമായി രജിസ്റ്റ‌ർ ചെയ്തിരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല.
പൊതു ആവശ്യങ്ങൾക്ക് ഭൂമി ആവശ്യമായിരുന്നിട്ടും കോഴിക്കോട്ടെ സ്റ്റീൽ ഇൻഡസ്ട്രീസിന് പാട്ടത്തിന് നൽകിയ 5.53ഏക്കർ ഭൂമിയേറ്റെടുത്ത് തുറമുഖ വകുപ്പിന് തിരികെ നൽകിയില്ല. തിരുവനനന്തപുരത്തെ രണ്ട് ക്ലബുകൾക്ക് നൽകിയ ഭൂമിയുടെ പാട്ടവാടക ഒഴിവാക്കിയത് സർക്കാരിന് 29 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി.

ജില്ലകളിൽ 1183 പാട്ടങ്ങളിൽ 166.71 കോടിയുടെ 49 പാട്ടങ്ങൾ കോടതികളിൽ സ്റ്റേയിലാണ്. സപ്ലൈകോ ബാങ്ക് നിരക്കിന് പകരം വാണിജ്യ പലിശ നിരക്ക് തെറ്റായി കണക്കാക്കിയതിനാൽ 1.07 കോടി അധികമായി നൽകേണ്ടി വന്നു. കെട്ടിടനികുതി ബാദ്ധ്യതയുള്ള കെട്ടിടങ്ങൾ വിലയിരുത്തുന്നതിൽ റവന്യൂ വകുപ്പിന്റെ വീഴ്ച കാരണം സർക്കാരിന് 31.60 കോടി വരുമാന നഷ്ടമുണ്ടായി.

ഫ്ലാറ്റുകളെ തെറ്റായി തരംതിരിച്ചത് കാരണം വെള്ളക്കരം ശേഖരിക്കുന്നതിൽ ജലഅതോറിട്ടിക്ക് 82.06 ലക്ഷത്തിന്റെ കുറവുണ്ടായി. പിന്നാക്ക വിഭാഗ ധനകാര്യ കോർപറേഷന്റെ വായ്പാ സഹായത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ലംഘിച്ചത് സർക്കാരിന് 3.61 കോടിയുടെ അധിക പലിശ ഭാരമുണ്ടാക്കി. പ്ലാന്റേഷൻ കോർപറേഷൻ ഡയറി ഫാം പദ്ധതിക്കായി പശുക്കളെ വാങ്ങാത്തതു കാരണം 5.54 കോടിയുടെ നിഷ്ഫല ചെലവുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *