മൂവാറ്റുപുഴ∙ മഴ ശക്തമായതോടെ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത നടപടികൾ ആരംഭിച്ചു. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോർമല, പോയാലി മല, ആറൂർ എന്നിവിടങ്ങളിൽ‍ ജാഗ്രത പാലിക്കാൻ റവന്യു, അഗ്നിരക്ഷാ സേന, പൊലീസ് ഉദ്യോഗസ്ഥർക്ക് ആർഡിഒ നിർദേശം നൽകി. മഴ ശക്തമായാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കു സഹായം എത്തിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം താലൂക്ക് ഓഫിസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോർമലയിൽ താമസിക്കുന്ന 5 കുടുംബങ്ങൾക്കാണു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ നോട്ടിസ് നൽകിയിരിക്കുന്നത്. ഇടയ്ക്കിടെ മലയിൽ നിന്ന് മണ്ണിടിഞ്ഞു വീഴുന്നതും നാശനഷ്ടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന കൂറ്റൻ ജലസംഭരണിക്കു അപകട ഭീഷണി ഇല്ലെന്നാണു ഉദ്യോഗസ്ഥരുടെ നിഗമനം.
കഴിഞ്ഞ മാസം ഉണ്ടായ മഴയിൽ മണ്ണിടിഞ്ഞ പോയാലി മലയിലും ജാഗ്രത പാലിക്കാൻ നാട്ടുകാർക്ക് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ കഴിഞ്ഞ 2 വർഷങ്ങളിലായി 4 തവണയാണു മണ്ണിടിഞ്ഞത്. ആറൂർ കോളനിക്കു സമീപത്തെ കുന്നിലും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്.
ആറൂർ ടോപ്പിൽ എംസി റോഡരികിൽ ഉള്ള കുന്നിൽ നിന്ന് മണ്ണിടിഞ്ഞു വീണ് റോഡ് തടസ്സപ്പെടുന്നത് എല്ലാ കാലവർഷത്തിലും പതിവാണ്. മരങ്ങൾ വെട്ടിമാറ്റുന്നതും അനധികൃത നിർമാണവുമാണ് കുന്നിൽ മണ്ണൊലിപ്പ് ഉണ്ടാകാനുള്ള കാരണമെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
പൊലീസ്, അഗ്നിരക്ഷാ സേന, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളി സ്ഥലങ്ങളിലും മഴക്കാല അപകടങ്ങളും മറ്റും ഉണ്ടാകാൻ സാധ്യത ഉള്ള ഇടങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *