കലഞ്ഞൂർ ∙ പഞ്ചായത്തിലെ അർത്തനാൽപടി – കീച്ചേരി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കെ.യു.ജനീഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ സമീപന പാതയും സംരക്ഷണഭിത്തിയും നിർമിക്കാനായി പഞ്ചായത്ത് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സമീപ വസ്തുവിലൂടെ വലിയതോടിന്റെ ഗതി തിരിച്ചുവിട്ടാണ് പണികൾ നടത്തുന്നത്. തോട്ടിൽ പാലത്തിന്റെ പില്ലറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല. പാലം പൂർത്തിയാകുന്നതോടെ 12-ാം വാർഡിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകും. 
കീച്ചേരി നിവാസികൾക്ക് നിലവിൽ സംസ്ഥാന പാതയിലെ കലഞ്ഞൂർ ജംക്‌ഷനിലെത്തിവേണം ഇവിടേക്കു പോകാൻ. ഇവിടത്തുകാർക്ക് ഇനി പഞ്ചായത്ത് ഓഫിസ്, സ്കൂൾ, ക്ഷേത്രം എന്നിവിടങ്ങളിലേക്കു പോകാനും എളുപ്പമാർഗമായി പാലം വഴിയൊരുങ്ങും. രണ്ട് വർഷമായി മുടങ്ങിക്കിടന്ന പണികളാണ് ഇപ്പോൾ ഊർജിതമായിട്ടുള്ളത്. പണികളുടെ പുരോഗതി കെ.യു.ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ജയകുമാർ, സുജ അനിൽ എന്നിവരും ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *