അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജോ ബൈഡനെ നീക്കണമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് ആവശ്യപ്പെട്ട് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറല്‍ പാട്രിക്ക് മോറിസെ.
പ്രസിഡന്റ് എന്ന നിലയില്‍ കടമകള്‍ നിർവഹിക്കാന്‍ 81കാരനായ ബൈഡന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം. ഇതിനായി യുഎസ് ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 388 പേജുള്ള പ്രത്യേക കൗണ്‍സല്‍ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് നീക്കം. റിപ്പോർട്ടില്‍ ‘ഓർമ്മക്കുറവുള്ള വൃദ്ധന്’ എന്നാണ് ബെഡനെ വിശേഷിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്ന ബൈഡന്റെ പ്രശ്നങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും മാനസികാരോഗ്യമുള്ള പ്രസഡിന്റിനെയാണ് രാജ്യത്തിന് ആവശ്യമെന്നും അറ്റോർണി ജനറല്‍ പറഞ്ഞു. ദീർഘകാലമായി ഒരു പ്രസിഡന്റിന്റെ വൈജ്ഞാനിക വീഴ്ചയ്ക്ക് അമേരിക്കയിലെ ജനത സാക്ഷ്യം വഹിക്കേണ്ടതായി വന്നിരിക്കുന്നുവെന്നും റിപ്പബ്ലിക്കന്‍ നേതാവ് കൂടിയായ പാട്രിക്ക് പറയുന്നു. പൊതുപരിപാടികളിലേയും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലേയും ബൈഡന്റെ വീഴ്ചയും പാട്രിക്ക് എടുത്തു പറയുന്നുണ്ട്.