കൊച്ചി: സ്വർണ വില പവന് ഇന്ന് 480 രൂപ ഒറ്റയടിക്ക് കുറഞ്ഞു. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 45600 രൂപയും ഗ്രാമിന് 5700 രൂപയുമായി. കഴിഞ്ഞ ഡിസംബർ 28നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില. ഒരു പവന് 47,120 രൂപയായിരുന്നു അന്നത്തെ വില.
അന്താരാഷ്ട്ര സ്വർണ വില ട്രായ് ഔൺസിന് 2028 ഡോളറിൽ നിന്നും 38 ഡോളർ താഴ്ന്ന് 1990 ഡോളറിലേക്ക് എത്തിയതോടെയാണ് ഇന്ന് കേരളത്തിൽ പവന് 460 രൂപ കുറഞ്ഞത്. വെള്ളിയുടെ അന്താരാഷ്ട്ര വിലയും ഒരു ഡോള൪ കുറഞ്ഞിട്ടുണ്ട്. ഇതോടെ സിൽവർ ബുള്ളിയന്‍ ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 75രൂപയായി. അമേരിക്കയുടെ പണപ്പെരുപ്പ നിരക്ക് 3.40ൽ നിന്നും 3.10ൽ എത്തിയതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.
ഈ മാസം രണ്ടിന് സ്വർണത്തിന് 46,640 രൂപയായിരുന്നു വില. 12 ദിവസം കൊണ്ട് 1040 രൂപയാണ് കുറഞ്ഞത്. ഇന്നലെ 46,080 രൂപയായിരുന്നു പവൻ വില.