ലക്നൗ: പ്രമുഖ ആര്‍.എസ്.എസ്. നേതാവിന്റെയും ദത്തുപുത്രിയുടെയും കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍. ഇഷാങ്ക് അഗര്‍വാളാണ് (42) പിതാവ് യോഗേഷ് ചന്ദ് അഗര്‍വാളിനെയും ദത്തുപുത്രി സൃഷ്ടിയെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. പ്രമുഖ ജ്വല്ലറിയുടമയും അംരോഹയിലെ വ്യാപാരി സംഘടനയുടെ നേതാവും സേവാഭാരതിയുടെ രക്ഷാധികാരിയുമാണ് 67കാരനായ യോഗേഷ് ചന്ദ് അഗര്‍വാള്‍.
ഇഷാങ്ക് അഗര്‍വാള്‍ കുറ്റം സമ്മതിച്ചെന്നും സ്വത്തിന്റെ പകുതി പിതാവ് സൃഷ്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് യോഗേഷ് ചന്ദ് അഗര്‍വാളും സൃഷ്ടിയും കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് നിരവധി ആഭരണങ്ങളും പണവും കാണാതായിരുന്നു. ഇതിനാല്‍ ഇരുവരും കൊല്ലപ്പെട്ടെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്ന് രക്തക്കറ തുടയ്ക്കാന്‍ ശ്രമിച്ചതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടിലെ അംഗം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി.
വര്‍ഷങ്ങളായി ഭാര്യ മാന്‍സിയോടൊപ്പം ഡല്‍ഹിയിലാണ് ഇഷാങ്കിന്റെ താമസം. ആഴ്ചയില്‍ ഒരിക്കല്‍ പിതാവിനൊപ്പം വന്ന് താമസിക്കും. അങ്ങനെ വെള്ളിയാഴ്ച രാവിലെയാണ് ഇഷാങ്കും ഭാര്യയും അംരോഹയിലെ വീട്ടിലെത്തിയത്. അന്ന് രാത്രി 11.30ന് നാലുപേരും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം മുറികളിലേക്ക് പോയി. താനും ഭാര്യയും ഒന്നാം നിലയിലെ മുറിയിലാണ് ഉറങ്ങിയതെന്നാണ് ഇഷാങ്ക് പറഞ്ഞത്. പിതാവും സൃഷ്ടിയും താഴത്തെ നിലയിലെ മുറികളിലും. സംഭവ സമയത്ത് തങ്ങള്‍ ഉറങ്ങുകയായിരുന്നെന്നാണ് ഇഷാങ്ക് പറഞ്ഞത്.
എന്നാല്‍, താഴത്തെ നിലയില്‍ നിന്ന് ഒന്നാം നിലയിലേക്കുള്ള സ്റ്റെപ്പുകളില്‍ രക്തക്കറകള്‍ കണ്ടെത്തി. മാത്രമല്ല, വീട്ടില്‍ സ്ഥാപിച്ചിരുന്ന 15 സിസി ടിവി ക്യാമറകളും പ്രവര്‍ത്തിക്കാത്തതും സംശയത്തിനിടെയാക്കി. ഇതോടെ കുടുംബവുമായി ബന്ധപ്പെട്ട ആരോ ആണ് കൊലയാളിയെന്ന നിഗമനത്തിലെത്തി. തുടര്‍ന്നാണ് ഇഷാങ്കിനെ ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഷാങ്ക് കൊലക്കുറ്റം സമ്മതിച്ചതെന്നും എസ്.പി പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *