ഡല്‍ഹി: മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാ സാഹചര്യം വഷളായ സാഹചര്യത്തിലാണ് പ്രശ്‌നബാധിത പ്രദേശം വിട്ടുപോകാൻ പൗരന്മാരോട് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യം കാരണം റാഖൈൻ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കാനും ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം വഷളായത്, ലാൻഡ്‌ലൈനുകൾ ഉൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷൻ മാർഗങ്ങളുടെ തടസ്സം, അവശ്യസാധനങ്ങളുടെ ക്ഷാമം എന്നിവ കണക്കിലെടുത്താണ് എല്ലാ ഇന്ത്യൻ പൗരന്മാരോട് മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.
2021 ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതുമുതൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മ്യാൻമർ വ്യാപകമായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. അതിനിടെ മ്യാൻമറുമായുള്ള അതിർത്തിയിലെ 1,643 കിലോമീറ്റർ മുഴുവൻ സുരക്ഷാവേലി കെട്ടാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.
ഇതോടെ അതിർത്തിക്ക് സമീപം താമസിക്കുന്നവർക്ക് 16 കിലോമീറ്റർ പരസ്പരം സഞ്ചരിക്കാൻ അനുവദിക്കുന്ന സ്വതന്ത്ര ഇടനാഴിക്ക് അന്ത്യം കുറിക്കും. മണിപ്പൂരിലെ മൊറെയിൽ 10 കിലോമീറ്റർ ദൈർഘ്യത്തിൽ ഇതിനകം വേലി കെട്ടിക്കഴിഞ്ഞതായി അമിത് ഷാ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
കൂടാതെ, ഹൈബ്രിഡ് സർവൈലൻസ് സിസ്റ്റം (എച്ച്എസ്എസ്) വഴി വേലികെട്ടി സുരക്ഷയുറപ്പാക്കുന്ന രണ്ട് പൈലറ്റ് പ്രോജക്ടുകൾ നടപ്പാക്കിവരികയാണ്. അരുണാചൽ പ്രദേശിലും മണിപ്പൂരിലും 1 കിലോമീറ്റർ വീതം വേലി കെട്ടും. കൂടാതെ മണിപ്പൂരിൽ ഏകദേശം 20 കിലോമീറ്ററോളം വരുന്ന നിർമാണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമായി 2018-ൽ അവതരിപ്പിച്ച എഫ്എംആർ എന്ന സ്വതന്ത്ര ഇടനാഴി, മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവയുടെ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.