ഡല്‍ഹി: ഉത്തരാഖണ്ഡിലെ നിർദ്ദിഷ്ട യൂണിഫോം സിവിൽ കോഡ് ബില്ലിന് കീഴിലുള്ള ലിവ്-ഇൻ റിലേഷൻ ദമ്പതികൾക്കുള്ള നിയമങ്ങളെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. ബിജെപി ഇപ്പോൾ ജനങ്ങളുടെ കിടപ്പുമുറികളിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ പ്രസ്താവിച്ചത്.
ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് നിയമം അനുസരിച്ച് നിയമവിരുദ്ധമായി വ്യക്തികൾ ഒരു മാസത്തിൽ കൂടുതൽ ലിവ്-ഇൻ ബന്ധത്തിൽ തുടരുകയാണെങ്കിൽ അവർ ശിക്ഷയ്ക്ക് അർഹരാണ്. പ്രതികൾക്ക് മൂന്ന് മാസം വരെ തടവിലോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
എക്സിലെ ട്വീറ്റിലൂടെയാണ് ടിഎംസി നേതാവ് ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് ജീവിക്കുന്നതിന് തങ്ങൾ ലിവ്-ഇൻ ബന്ധത്തിലല്ലെന്ന് തെളിയിക്കേണ്ടതുണ്ടെന്നാണ് ഈ ഞെട്ടിക്കുന്ന വ്യവസ്ഥ അർത്ഥമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർക്കും ആർക്കെതിരെയും പരാതി ഫയൽ ചെയ്യുവാനുള്ള സാഹചര്യമാണ്. ബിജെപി ഇപ്പോൾ ജനങ്ങളുടെ കിടപ്പുമുറിയിലേക്കും കയറിയിരിക്കുന്നു, അവർക്ക് തോന്നുമ്പോഴെല്ലാം കിടപ്പുമുറിയിലേക്ക് കടന്നെത്തി അന്വേഷണം നടത്താമെന്നും സാകേത് ഗോഖലെ പറയുന്നു.