ഭോപ്പാല്‍: മധ്യപ്രദേശില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഹാര്‍ദയിലാണ് സംഭവം. ഫാക്ടറിയില്‍ നിരവധി സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോടനത്തിനിടെ പ്രകമ്പനമുണ്ടായെന്നും നാട്ടുകാര്‍ പറഞ്ഞു.
സ്ഫോടനം നടന്ന സമയത്ത് ഫാക്ടറിയില്‍ 150 ജീവനക്കാര്‍ ഉണ്ടായിരുന്നതായി സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട ജീവനക്കാരന് പറഞ്ഞു. ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. ഫയര്‍ എന്ജിന് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനമാണ് തുടരുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.സംഭവത്തില്‍ അധികൃതരില്‍ നിന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് റിപ്പോര്‍ട്ട് തേടി.