തിരുവനന്തപുരം: പോലീസ് ജാഗ്രതയോടെ അവരുടെ ചുമതലകൾ നിർവഹിക്കണമെന്ന് ഒരിക്കൽ കൂടി സേനയെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിലാണ് പോലീസിന്റെ പ്രവർത്തനങ്ങൾ സദാസമയവും ജാഗ്രതയോടെ വേണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്.

പോലീസിന്റെ പ്രവർത്തനത്തിൽ ഹൈക്കോടതി അതിരൂക്ഷമായ വിമർശനം തുട‌ർച്ചയായി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. കഴിഞ്ഞ ദിവസം പോലീസിന്റെ പെരുമാറ്റം മോശമാണെന്ന കേസിൽ ഡിജിപിക്ക് ഹൈക്കോടതിയിൽ ഹാജരാവേണ്ടി വന്നിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ – പോലീസ് സേനാംഗങ്ങൾ ചുമതകൾ ജാഗ്രതയോടെയും കൂട്ടായ്മയോടെയും നിർവഹിക്കണമെന്നും അനാവശ്യ ഈഗോ പാടില്ല. പുതുതായി എത്തുന്നവർ മുതൽ പോലീസ് മേധാവി വരെ സേനയുടെ ഭാഗമാണെന്ന തിരിച്ചറിവോടെ കൂട്ടായി പ്രവർത്തിക്കണം. എല്ലാ ഘട്ടത്തിലും ജാഗ്രതയുണ്ടാവണം. സ്റ്റേഷനുകളിലടക്കം കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. സേനയുടെ മേന്മയും മികവും വർദ്ധിപ്പിക്കാനാവണം പ്രവർത്തിക്കേണ്ടത്. ചില ഘട്ടങ്ങളിൽ പോലീസ് ഈ ജാഗ്രതയും കൂട്ടായ്മയും പ്രകടിപ്പിച്ചപ്പോഴെല്ലാം സമൂഹത്തിന് നേട്ടമുണ്ടായിട്ടുണ്ട്.
കുട്ടികൾ ഇരകളാക്കപ്പെടുന്ന സൈബർ കേസുകളിൽ അവരുടെ ഭാവി പ്രതികൂലമാവാത്ത രീതിയിൽ പ്രവർത്തിക്കാൻ പൊലീസിന് കഴിയണം. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ കുട്ടികളുടെ ഭാവിയെക്കരുതി പൊലീസിനെ സമീപിക്കാതിരിക്കുന്നവരുമുണ്ട്. സാങ്കേതികവിദ്യയ്ക്കൊപ്പം കുറ്റകൃത്യങ്ങളും വളരുകയാണ്. സൈബർ തട്ടിപ്പുകൾക്കൊപ്പം ബോധപൂർവമായ ദുരുപയോഗവും കൂടുന്നു.
‘എന്നെ പറ്റിച്ചോളൂ’ എന്നു പറഞ്ഞ് ആളുകൾ അമിതലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളിൽ ചെന്നുവീഴുന്നു. കഴിഞ്ഞ വർഷം 201കോടി രൂപയാണ് ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടമായത്. സൈബർ കുറ്റാന്വേഷണം ഏകോപിപ്പിക്കാൻ റേഞ്ച് ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമുണ്ടാക്കും. സൈബർ മേഖലയിൽ കാര്യക്ഷമമായ ഇടപെടലിന് മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കും. ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ സാമൂഹ്യ അവബോധം വളർത്താൻ പൊലീസിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 സൈബർ ഡിവിഷന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മികച്ച സ്റ്റേഷനുകൾക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റാങ്കിംഗിൽ ഒമ്പതാമതെത്തിയ കുറ്റിപ്പുറം സ്റ്രേഷനിലെ 2023ലെ എസ്.എച്ച്.ഒ പി.കെ.പദ്മരാജനും സംഘത്തിനും മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു. സ്റ്റേഷനുകളടക്കം വിവിധ പൊലീസ് കെട്ടിടങ്ങളുടെയും 520 സ്റ്റേഷനുകളിൽ സ്ഥാപിച്ച സി.സി ടിവി ക്യാമറകളുടെയും തിരുവനന്തപുരത്തെ സ്‌റ്റേറ്റ് കൺട്രോൾ റൂമിലിരുന്ന് വിവിധ ജില്ലകളിലെ നിരത്തുകളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ദൃശ്യങ്ങൾ കണ്ടെത്താനാവുന്ന സംവിധാനത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

സങ്കീർണമായ സൈബർ കുറ്റകൃത്യങ്ങൾ വൻതോതിൽ വർദ്ധിക്കുന്നത് കണക്കിലെടുത്താണ് പൊലീസിൽ സൈബർ ഡിവിഷൻ രൂപീകരിച്ചത്. സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, നെറ്റ്‌വർക്ക് സുരക്ഷ, റിസ്ക് മാനേജ്മെന്റ്, ഡിജിറ്റൽ ഫോറൻസിക് മേഖലകളിൽ പ്രാവീണ്യമുള്ളവരാവും ഇതിലുണ്ടാവുക. ആധുനിക കാലത്തെ സൈബർ വെല്ലുവിളികൾ നേരിടുകയും ലക്ഷ്യമാണ്. ടെലികമ്മ്യൂണിക്കേഷൻ ഡിവിഷനിലും,മറ്റ് വിഭാഗങ്ങളിൽ നിന്ന് പുനർവിന്യാസം വഴിയും കണ്ടെത്തുന്ന പൊലീസുകാരെ ഉൾപ്പെടുത്തിയാവും സൈബർ ഡിവിഷൻ പ്രവർത്തിക്കുക. രണ്ട് എസ്.പിമാരടക്കം 466 അംഗങ്ങളുണ്ടാവും.

സൈബർ ഓപ്പറേഷൻ ആസ്ഥാനം, റിസർച്ച് ആൻഡ് അനാലിസിസ് യൂണിറ്റ്, സൈബർ പട്രോൾ, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയാവും ഡിവിഷനിലുണ്ടാവുക. രണ്ട് എസ്.പി, 4 ഡിവൈ.എസ്.പി, 13 സി.ഐ, 93 എസ്.ഐ, 9 എ.എസ്.ഐ, 145 സീനിയർ സി.പി.എ, 200 സി.പി.ഒ തസ്തികകൾ. ടെലി കമ്മ്യൂണിക്കേഷൻ എസ്.പി, ഐ.സി.ടി എസ്.പി തസ്തികകൾ സൈബർ പൊലീസ് സൂപ്രണ്ട് എന്നാക്കി മാറ്റി.
സായുധ സേനയിലെ 4 അസി.കമൻഡാന്റ് തസ്തികകൾ സൈബർ ഡിവിഷനിലാക്കി. നിറുത്തലാക്കിയ 110 ടെക്നിക്കൽ പോലീസ് കോൺസ്റ്റബിൾ തസ്തികകളിൽ 84 എണ്ണം സൈബർ ഡിവിഷനിലാക്കി. ലോകത്തെവിടെയും സംഭവിക്കുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ഡേറ്റാ ബേസ് സൃഷ്ടിക്കാനും സൈബർ കേസന്വേഷണത്തിലെ കഴിവ് മെച്ചപ്പെടുത്താനുമായി ഉദ്യോഗസ്ഥർക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ തുടർച്ചയായി പരിശീലനം നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *