കൊല്ലം: കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കടയ്ക്കൽ കാരയ്ക്കാട് വാഴപ്പണയിൽ വീട്ടിൽ സന്തോഷിന്റെ ഭാര്യ രാജിയ്ക്കാണ് പരിക്കേറ്റത്. വീട്ടമ്മയുടെ ഇടത് കണ്ണിനും വലത് കൈയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വീടിന് മുന്നിൽ നിന്ന് കിട്ടിയ ഉരുണ്ടവസ്തു കാട്ടുകാച്ചിൽ ആണെന്ന് തെറ്റിദ്ധരിച്ച് രാജി കത്താൾ ഉപയോഗിച്ച് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിലെ ടാങ്കിൽ നിന്ന് വെള്ളമെടുക്കാൻ പോയപ്പോൾ സമീപപ്രദേശത്ത് നിന്ന് ഉരുണ്ട വസ്തു രാജിയിക്ക് ലഭിയ്ക്കുകയായിരുന്നു. രാജി ഇതെടുത്ത് വിറക് കീറുകയായിരുന്ന ഭർത്തൃമാതാവ് ലീലയ്ക്ക് സമീപമെത്തി. ലീല ഇതുവാങ്ങി നിലത്തിട്ട് ചവിട്ടിയെങ്കിലും യാതൊന്നും സംഭവിച്ചില്ല. തുടർന്ന് രാജി കാട്ടുകാച്ചിൽ ആയിരിക്കുമെന്ന് തെറ്റിദ്ധരിച്ച് കത്താൾ ഉപയോഗിച്ച് വെട്ടിമുറിയ്ക്കാൻ ശ്രമിച്ചു. ഇതോടെ കയ്യിൽ ഇരുന്ന് പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് കയ്യിലെ ഒരു വിരൽ അറ്റുപോകുകയും ബാക്കി വിരലുകളിലെ മാംസം ചിതറിത്തെറിക്കുകയുമായിരുന്നു. കൈപ്പത്തിയുടെ കുഴയ്ക്കും വലത് കാൽപ്പാദത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണിലെ പരിക്ക് കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
അശ്രദ്ധ മൂലം ഉണ്ടായ അപകടമാണെന്നാണ് പോലീസ് നിഗമനം. പന്നിയെ തുരത്തുന്നതിനായി മറ്റാരെങ്കിലും വെച്ച പന്നിപ്പടക്കം തെരുവ് നായ കടിച്ച് വീടിന് മുന്നിൽ കൊണ്ടിട്ടതാകാം എന്നാണ് സംശയം.
