ഡല്‍ഹി: കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ രാമക്ഷേത്ര പ്രതിഷ്ഠ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോൺഗ്രസ് നേതാക്കൾ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിനെ ചൊല്ലി നിരവധി വ്യാഖ്യാനങ്ങൾ എത്തുന്നുണ്ട്.
നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാത്തതിനർത്ഥം അവർ ദൈവത്തെ ഒഴിവാക്കുന്നു എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതൽ രാമനെ പ്രാർത്ഥിക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ എൻ്റെ രാമനെ ബിജെപിക്ക് സമർപ്പിക്കാൻ പോകുന്നില്ലെന്നും ശ്രീരാമൻ്റെയോ അദ്ദേഹത്തിൻ്റെ ദിവ്യത്വത്തിൻ്റെയോ പകർപ്പവകാശം ബിജെപിക്ക് ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ശശി തരൂർ പറഞ്ഞു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രീരാമ പ്രതിഷ്ഠ ആർഎസ്എസ്/ബിജെപി പരിപാടിയാണെന്നും അതുകൊണ്ടുതന്നെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
ഇത് സംബന്ധിച്ച് നിരവധി പ്രചരണങ്ങൾ ഭരണപക്ഷ പാർട്ടികൾ ഉയർത്തുകയും ചെയ്തിരുന്നു. ഈ പ്രചരണങ്ങൾക്കെതിരെയാണ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് പോകാനുള്ള സമയം താൻ തിരഞ്ഞെടുക്കുമെന്നും ശശി തരൂർ പറഞ്ഞു, “ഞാൻ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ പോകാറുണ്ട്. അതുകൊണ്ടുതന്നെ ഇതിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയം കൊണ്ടുവരാൻ താൻ ഉദ്ദേശിക്കുന്നില്ല´´- ശശി തരൂർ പറഞ്ഞു.