ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളില്‍ അഞ്ഞൂറിലേറെ തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെട്ട രോഗമാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഇടക്കാല ബജറ്റില്‍ പെണ്‍കുട്ടികള്‍ക്ക് പ്രതിരോധമരുന്ന് സൗജന്യമായി നല്‍കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണവാര്‍ത്ത വ്യാജമായി സൃഷ്ടിച്ചുകൊണ്ടാണ് സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കിയത്. 
പ്രതിരോധ മരുന്ന് സ്വീകരിച്ചുകൊണ്ട് പൂര്‍ണമായും തടയാന്‍ കഴിയുന്ന ഒരു രോഗമാണ് ഗര്‍ഭാശയ ക്യാന്‍സര്‍. എന്നാല്‍ അതിന്റെ പരിശോധന സംബന്ധിച്ചും എച്ച്പിവി വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ചും ഇന്ത്യയില്‍ അവബോധം വളരെ കുറവാണ്. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ലഭ്യതക്കുറവും രാജ്യത്ത് ഗര്‍ഭാശയ അര്‍ബുദത്തിന്റെ തോത് ഉയരാന്‍ ഒരു കാരണമാണ്.
യോനിയിലേക്ക് തുറക്കുന്ന ഗര്‍ഭാശയത്തിന്റെ  താഴ്ഭാഗമായ സെര്‍വിക്‌സിനെ ബാധിക്കുന്ന ഒരു തരം ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. സെര്‍വിക്‌സിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ച മൂലമാണ് ഈ രോഗം വികസിക്കുന്നത്. ഇത് സാധാരണയായി ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. എച്ച്പിവി അണുബാധ സെര്‍വിക്‌സ് കോശങ്ങളെ ബാധിക്കുകയും ഒരു കാലയളവിന് ശേഷം അവ ക്യാന്‍സറായി മാറുകയും ചെയ്യുന്നു. അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കും. ഏത് പ്രായത്തിലുള്ളവര്‍ക്കും  അപകടസാധ്യതയുണ്ടെങ്കിലും സെര്‍വിക്കല്‍ ക്യാന്‍സര്‍ കൂടുതലായും മുപ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് കണ്ടെത്തിയിട്ടുള്ളത്. സെര്‍വിക്കല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറുമായി സംസാരിക്കുകയും വേണം.
സെര്‍വിക്കല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍
 • അസാധാരണമായ യോനി രക്തസ്രാവം- ലൈംഗിക ബന്ധത്തിന് ശേഷമോ ആര്‍ത്തവകാലത്തോ ആര്‍ത്തവവിരാമത്തിന് ശേഷമോ അനുഭവപ്പെടുക.
• ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുക.
• വജൈനല്‍ ഡിസ്ചാര്‍ജ് വര്‍ധിക്കുക.
• അടിവയറ്റില്‍ ഉണ്ടാകുന്ന വേദന.
സെര്‍വിക്കല്‍ ക്യാന്‍സറിന്റെ കാരണങ്ങള്‍
• എച്ച്പിവി അണുബാധ
• ജീവിതശൈലി വ്യതിയാനങ്ങള്‍ 
• ദുര്‍ബലമായ പ്രതിരോധ ശേഷി
മിക്ക കേസുകളിലും സെര്‍വിക്കല്‍ ക്യാന്‍സര്‍ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല. പാപ്പ് ടെസ്റ്റ് പോലെയുള്ള  പരിശോധനകളിലൂടെയാണ് പലപ്പോഴും രോഗം കണ്ടെത്താറുള്ളത്. നേരത്തെയുള്ള രോഗ നിര്‍ണയവും ചികിത്സയും സെര്‍വിക്കല്‍ ക്യാന്‍സര്‍ ഭേദമാക്കാനുള്ള സാധ്യതകള്‍ കൂട്ടുന്നു.  വാക്‌സിന്‍ നല്‍കുന്നതിലൂടെ ഗര്‍ഭാശയ അര്‍ബുദം തടയാനാകും. ഒന്‍പത് മുതല്‍ 26 വയസ്സ് വരെയുള്ളവര്‍ക്കാണ് ഈ വാക്‌സിന്‍ നല്‍കുന്നത്. 
സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള ചികിത്സ ക്യാന്‍സറിന്റെ ഘട്ടങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.  ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി തുടങ്ങി വിവിധ ചികിത്സ രീതികള്‍ ഇതിനായുണ്ട്. പാപ്പ് ടെസ്റ്റ് പോലെയുള്ള പതിവ് ഗര്‍ഭാശയ കാന്‍സര്‍ പരിശോധനകള്‍, രോഗം നേരത്തേ കണ്ടെത്താന്‍ സഹായിക്കും. ചികിത്സ ആദ്യ ഘട്ടത്തില്‍ തന്നെ തുടങ്ങാനും ഇതുവഴിയാകും. ട്യൂമറിന്റെ പ്രാരംഭ ഘട്ടത്തില്‍, ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാന്‍ സാധിക്കും. കൂടുതല്‍ വികസിച്ച മുഴകള്‍ കീമോതെറാപ്പിയും റേഡിയേഷനും ഉപയോഗിച്ച് ചികിത്സിക്കണം. റേഡിയേഷന്‍ സാധാരണ അഞ്ച് മുതല്‍  ആറ് ആഴ്ച വരെ നീണ്ടുനില്‍ക്കും. റേഡിയേഷന്റെ ഫലങ്ങള്‍ പരമാവധി ലഭിക്കാന്‍, കീമോതെറാപ്പി ആഴ്ചതോറും നടത്തുകയും ചെയ്യാം. ഇതോടൊപ്പം, ട്യൂമര്‍ ചുരുക്കി  രോഗശമനം ഏറ്റവും ഫലപ്രദമാക്കാന്‍ രണ്ട് ആന്തരിക റേഡിയേഷനുകളും സാധാരണയായി നല്‍കാറുണ്ട്. സ്റ്റേജ് 4 കാന്‍സര്‍ ബാധിച്ച് മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ച രോഗികള്‍ക്ക് അവരുടെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ കീമോതെറാപ്പി നല്‍കുകയും ചെയ്യുന്നു.
എച്ച്പിവിയ്ക്കെതിരെ വാക്സിനേഷന്‍ എടുക്കുന്നതിലൂടെയും സുരക്ഷിതമായ ലൈംഗികത പരിശീലിക്കുന്നതിലൂടെയും പതിവായി പാപ് ടെസ്റ്റുകള്‍ നടത്തുന്നതിലൂടെയും ഗര്‍ഭാശയ അര്‍ബുദം തടയാന്‍ സാധിക്കും. 
ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിക്കുന്നത്. നേരത്തെ  കണ്ടെത്തി കൃത്യമായി ചികിത്സ നേടിയാല്‍ രോഗത്തെ നമുക്ക് അതിജീവിക്കാം. സെര്‍വിക്കല്‍ ക്യാന്‍സറിന്റെ   അപകടസാധ്യതകളെ കുറിച്ചും, നിരന്തര പരിശോധനകളുടെ ആവശ്യകതയെ കുറിച്ചും  സ്ത്രീകളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണ്.
2024 February 3Info Pluscervical cancerഡോ. അരുണ്‍ വാരിയര്‍title_en: cervical cancer; Know and defend

By admin

Leave a Reply

Your email address will not be published. Required fields are marked *